റോഡില്‍ കിടന്ന് വെറുതെ കൊതുകുകടി കൊള്ളേണ്ട…ശ്രീജിത്തിനെ ആശ്വസിപ്പിക്കാന്‍ച്ചെന്ന ചെന്നിത്തലക്ക് ചുട്ടമറുപടികൊടുത്ത് സുഹൃത്ത്; വീഡിയോ വൈറല്‍

തിരുവന്തപുരം: സഹോദരന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ 764 ദിവസമായി സമരം നടത്തുന്ന ശ്രീജിത്തിനെ കാണാനായി സമരപന്തലില്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുന്‍പില്‍ രോഷപ്രകടനവുമായി ശ്രീജിത്തിന്റെ സുഹൃത്ത്.താങ്കള്‍ ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്ത് സഹോദരന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി ശ്രീജിത്ത് താങ്കള്‍ക്ക് മുന്‍പില്‍ വന്നിരുന്നെന്നും അന്ന് താങ്കള്‍ പറഞ്ഞ മറുപടി താന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നുമായിരുന്നു സുഹൃത്തിന്റെ വാക്കുകള്‍.

സാറേ ഒരു സംശയം ചോദിച്ചോട്ടേ എന്ന് പറഞ്ഞായിരുന്നു ശ്രീജിത്ത് സംസാരിച്ചു തുടങ്ങിയത്. ‘സാര്‍ ആഭ്യന്തരവകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ സാറിന് മുന്‍പില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അന്ന്പറഞ്ഞ ഒരു മറുപടി എനിക്ക് ഓര്‍മ്മയുണ്ട്. ഞാന്‍ അന്ന് അവന്റെ കൂടെ വന്ന ആളാണ്. സര്‍ അന്ന് ശ്രീജിത്തിനോട് പറഞ്ഞത് അവിടെ പോയിക്കിടക്കുമ്പോ ശ്രദ്ധിക്കണം പൊടിയടിക്കും, കൊതുകുകടിക്കും എന്നൊക്കെയായിരുന്നു. അതാണോ സാറേ സഹായം.- എന്നായിരുന്നു ശ്രീജിത്തിന്റെ ചോദ്യം.

ഇതോടെ ഇയാള്‍ കൂടുതല്‍ ഒന്നും പറയേണ്ടെന്നും ഇയാള്‍ക്ക് ഇത്പറയാന്‍ എന്താണ് അധികാരമെന്നുമായിരുന്നു ചെന്നിത്തലയുടെ ചോദ്യം. എന്നാല്‍ തനിക്ക് പറയാന്‍ അധികാരമുണ്ടെന്നും താന്‍ പൊതുജനമാണ് എന്നും ശ്രീജിത്തിന്റെ സുഹൃത്താണെന്നും അവന് നീതി കിട്ടിയേ തീരൂവെന്നും സുഹൃത്ത് മറുപടി നല്‍കി.എന്നാല്‍ താന്‍ ആവശ്യമില്ലാത്ത കാര്യം സംസാരിക്കേണ്ടെന്ന് പറഞ്ഞ് വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയായിരുന്നു ചെന്നിത്തല. ശ്രീജിത്തിന്റെ സുഹൃത്തിനോട് താന്‍ മിണ്ടാതിരിക്ക് എന്ന് ചെന്നിത്തല പറയുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍ താന്‍ ആവശ്യമില്ലാത്ത ഒന്നും പറഞ്ഞിട്ടില്ലെന്നും ഇതെല്ലാം പൊതുജനം കാണുന്നുണ്ടെന്നുമായിരുന്നു സുഹൃത്തിന്റെ മറുപടി.സി.ബി.ഐയുടെ ഭാഗത്ത് നിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ഈ ആവശ്യം ഉന്നയിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനും തുടര്‍ നിയമ നടപടിക്കായും ശ്രീജിത്തിനോടൊപ്പം എന്നുമുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞപ്പോഴായിരുന്നു വിഷയത്തില്‍ സുഹൃത്ത് ഇടപെട്ടത്.

അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്നും സിബിഐയുടെ ഭാഗത്ത് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ ഈ ആവശ്യം ഉന്നയിച്ചു ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള നിയമ സഹായം ചെയ്യാമെന്നും ഇതില്‍ കൂടുതല്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്നുമായിരുന്നു തുടര്‍ന്ന് ചെന്നിത്തലയുടെ ചോദ്യം.

pathram desk 2:
Related Post
Leave a Comment