യുവതിയെ ലൈംഗികമായി ഉപയോഗിച്ച ശേഷം മതംമാറ്റിയ കേസ്; അന്വേഷണം ബംഗളൂരുവിലേക്ക്

സ്വന്തം ലേഖകന്‍
കൊച്ചി: മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ലൈംഗികമായി ഉപയോഗിച്ച ശേഷം മതംമാറ്റിയ കേസിന്റെ അന്വേഷണം പൊലീസ് ബംഗളൂരിലേക്ക് വ്യാപിപ്പിച്ചു. ഡിവൈഎസ്പി കെ.ബി. പ്രഫുലചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബംഗളൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളുടെ താമസ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
മുഖ്യപ്രതി മുഹമ്മദ് റിയാസ് വിദേശത്തായതിനാല്‍ ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. ഇയാളുടെ പാസ്‌പോര്‍ട്ട് നമ്പര്‍ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. റിമാന്‍ഡില്‍ കഴിയുന്ന പറവൂര്‍ സ്വദേശികളായ ഫയാസ് ജമാല്‍ (23), സിയാദ് (48) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷമായിരിക്കും അന്വേഷണ സംഘം നേരിട്ട് ബാംഗ്‌ളൂര്‍ക്ക് തിരിക്കൂ. കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ തിങ്കളാഴ്ച്ച കോടതിക്ക് സമര്‍പ്പിക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ പങ്കുണ്ടെന്ന് കരുതുന്നവരില്‍ പലരും ബാംഗ്‌ളൂരിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. യുവതിക്കും മുഖ്യപ്രതി തലശേരി മാഹി സ്വദേശി മുഹമ്മദ് റിയാസിനും താമസിക്കുന്നതിന് മാഞ്ഞാലിയില്‍ സൗകര്യമൊരുക്കിയത് റിമാന്‍ഡില്‍ കഴിയുന്നവരാണ്. ബംഗ്‌ളൂരിലെ മതപരിവര്‍ത്തന കേന്ദ്രത്തെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചനയുണ്ട്. സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം യുവതിയുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഹാജരാക്കിയത് വ്യാജ രേഖകളാണ്. ഇതിനായി വ്യാജ പേരില്‍ ആധാര്‍ കാര്‍ഡും തയ്യാറാക്കിയിരുന്നു. അതിനാല്‍ യുഎപിഎ നിയമവും മനുഷ്യക്കടത്തിനും പുറമെ മുഖ്യപ്രതിക്കെതിരെ വ്യാജ രേഖകള്‍ ചമച്ചതിനും പ്രതികള്‍ക്കെതിരെ കേസുണ്ടാകും. റൂറല്‍ എസ്.പി എ.വി. ജോര്‍ജിന് തപാലില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഡിവൈ.എസ്.പി സി.ജി. വേണുവിന്റെ നേതൃത്വത്തില്‍ പൊലീസ് ഗുജറാത്തിലെത്തിയാണ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്.

pathram:
Leave a Comment