തൃശ്ശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന എം.സി അനൂപ് സഹതടവുകാരെ മര്‍ദ്ദിക്കുന്നെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. പരാതിയില്‍ മൂന്നാഴ്ചക്കകം അനേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ ഡി.ജി.പിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അനൂപ് ഇപ്പോഴുള്ളത്. ജയിലില്‍ പുറംപണിക്ക് പോകുന്നവരോട് ബീഡിയും കഞ്ചാവും മദ്യവും എത്തിക്കണമെന്ന് അനൂപ് ആവശ്യപ്പെടാറുണ്ടെന്ന് സഹതടവുകാരുടെ പരാതിയില്‍ പറയുന്നു. ഇതിന് തയ്യാറാകാത്തവരെ അനൂപ് മര്‍ദ്ദിക്കാറുണ്ടെന്നും പരാതിയിലുണ്ട്.
പുറത്തുനിന്നും ജയില്‍ മതിലിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തുകൊടുക്കാത്തതിന് സഹതടവുകാരനായ റഹീം എന്നയാളെ അനൂപ് മര്‍ദ്ദിച്ചിരുന്നു.
അതേസമയം ജയിലില്‍ നിരോധന ഉല്‍പ്പന്നങ്ങളായ ബീഡിയും കഞ്ചാവും അനൂപ് വില്‍പ്പന നടത്താറുണ്ടെന്നും പരാതിയില്‍ പറയുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അനൂപ് ജയിലിലെ മേസ്തിരി സ്ഥാനം അനര്‍ഹമായി നേടിയെടുത്തതായും തടവുകാര്‍ പറയുന്നു.ജയിലിലെ പരാതിപ്പെട്ടിയില്‍നിന്ന് ലഭിച്ച പരാതി തൃശ്ശൂര്‍ സെഷന്‍സ് ജഡ്ജി മനുഷ്യാവകാശ കമ്മീഷനിലേക്ക് അയച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.
Leave a Comment