അനുവാദമില്ലാതെ മകന്റെ ഫോട്ടോ ഫേസ്ബുക്കിലിട്ടു; അമ്മയ്‌ക്കെതിരെ പരാതിയുമായി പതിനാറുകാരന്‍!! ഫോട്ടോ ഉടന്‍ നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശം

അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ ഫേസ്ബുക്കിലിടുന്നവര്‍ക്കൊരു മുന്നറിയിപ്പ്. അതു നിങ്ങളുടെ സ്വന്തം മകനാനോ മകളോ ആണെങ്കില്‍ കൂടി നിങ്ങള്‍ കുടുങ്ങും. മക്കളുമൊത്തുള്ള ചിത്രങ്ങളോ അവരുടെ ജീവിതത്തിലെ സവിശേഷമുഹൂര്‍ത്തങ്ങളോ അവരോട് ചോദിക്കാതെ ഇനി ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യരുതെന്ന് പാഠമാക്കി തരുകയാണ് ഈ വാര്‍ത്ത. ഇറ്റലിയിലെ ഒരമ്മയ്ക്ക് സംഭവിച്ചത് ഇങ്ങനെ: തന്റെ അനുവാദമില്ലാതെ ചിത്രങ്ങള്‍ അമ്മ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്ന പരാതിയുമായി 16കാരനാണ് കോടതിയിലെത്തിയത്.

അമ്മയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ തന്റെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പോസ്റ്റ് ചെയ്യുന്നുവെന്ന 16കാരന്റെ പരാതി ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ചിത്രങ്ങള്‍ ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട കോടതി അല്ലാത്തപക്ഷം 10,000 യൂറോ പിഴയടക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി. അമ്മയുടെ സോഷ്യല്‍ മീഡിയ ഭ്രമം കാരണം അച്ഛന്‍ അകന്നതും മറ്റും കണ്ടുവളര്‍ന്ന മകനാണ് അമ്മയ്ക്കെതിരെ കോടതിയിലെത്താന്‍ തയ്യാറായത്.

ഇവരുടെ വിവാഹമോചനക്കേസ് കൈകാര്യം ചെയ്യുന്ന കോടതിയാണ് ഫെയ്സ്ബുക്ക് കേസില്‍ മകന് അനുകൂലമായി വിധി പറഞ്ഞത്. അനുവാദമില്ലാതെ മകന്റേതാണെങ്കില്‍ക്കൂടി ചിത്രങ്ങള്‍ പരസ്യപ്പെടുത്തുന്നത് ഇറ്റാലിയന്‍ പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. മകനുള്‍പ്പെടുന്ന ചിത്രങ്ങളും വീഡിയോകളും പരാമര്‍ശങ്ങളും ഉടനടി നീക്കം ചെയ്യണമെന്നാണ് കോടതിയുടെ ഉത്തരവ്.

തങ്ങള്‍ക്ക് പകര്‍പ്പവകാശമുള്ള ചിത്രങ്ങള്‍ മാത്രമേ പോസ്റ്റ് ചെയ്യാവൂ എന്നതാണ് ഫെയ്സ്ബുക്കിന്റെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ്. ഫെയ്സ്ബുക്കില്‍ ചേരുമ്പോള്‍ ഇത് എല്ലാവരും അംഗീകരിക്കാറുണ്ടെങ്കിലും പലരും അത് മനസ്സിലാക്കാതെയാണ് പോസ്റ്റുകളിടുന്നത്. അത് തികച്ചും നിയമവിരുദ്ധമാണ്.

pathram desk 1:
Leave a Comment