ജയ്പൂര്‍: ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ച് അവര്‍ പോരാടി. സ്വന്തം അമ്മയുടെ രണ്ടാം വിവാഹത്തിനായി. ഒടുവില്‍ അവള്‍ വിജയിച്ചു. അതേ രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയായ സംഹിത അഗര്‍വാളാണ് മാതാവ് ഗീതയുടെ വിവാഹം നടത്താന്‍ മുന്‍കൈയ്യെടുത്ത് വാര്‍ത്തകളില്‍ ഇടം നേടിയത്. 2016 മെയ് മാസത്തിലാണ് പെണ്‍കുട്ടിയുടെ പിതാവ് ഉറക്കത്തിനിടെ മരണമടയുന്നത്. പ്രത്യേകിച്ച് യാതൊരു അസുഖവും ഇല്ലാതിരുന്ന പിതാവിന്റെ പെട്ടെന്നുള്ള മരണം ഏവരേയും ഞെട്ടിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മ ആറ് മാസത്തോളം മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട് ആരോടും മിണ്ടാതെ കഴിഞ്ഞു.
പലപ്പോഴും ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് ഭര്‍ത്താവിനെ അന്വേഷിക്കുന്നതും പതിവായി. വീട്ടില്‍ മകളും അമ്മയും തനിച്ചായിരുന്നു താമസിച്ചിരുന്നത്. അതിനിടയില്‍ മകള്‍ക്ക് ഗുരുഗ്രാമിലേക്ക് ജോലിയില്‍ സ്ഥലമാറ്റം ലഭിച്ചു. ഇതിന് ശേഷം വീട്ടില്‍ ഗീത തീര്‍ത്തും ഒറ്റയ്ക്കായതോടെയാണ് മകള്‍ അമ്മയ്ക്ക് വേണ്ടി വിവാഹാലോചന നടത്തുവാന്‍ തുടങ്ങിയത്. എന്നാല്‍ ഗീത ഒരു രണ്ടാം വിവാഹത്തിന് ഒരുക്കമായിരുന്നില്ല.
മാട്രിമോണിയല്‍ സൈറ്റിലെ പരസ്യം കണ്ട് 55 വയസ്സുള്ള ഗോപാല്‍ വിവാഹാലോചനയുമായി ഇവരെ സമീപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ഭാര്യ 7 വര്‍ഷം മുന്‍പ് ക്യാന്‍സര്‍ രോഗം പിടിപ്പെട്ടതിനെ തുടര്‍ന്ന് മരിച്ച് പോയിരുന്നു. ഇതിനിടയില്‍ ഗീതയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ഈ സമയങ്ങളില്‍ ഗീതയ്ക്ക് ശ്രുശ്രൂഷയുമായി ഗോപാല്‍ മുഴുവന്‍ സമയവും ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഗീതയ്ക്ക് ഗോപാലിനോട് മാനസികമായ ഒരു അടുപ്പം ഉണ്ടാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് പെണ്‍കുട്ടി അമ്മയുടെ രണ്ടാം വിവാഹം നടത്തിയത്.
Leave a Comment