‘മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍ ലജ്ജയില്ലേ ലജ്ജയില്ലേ.. നിനക്കു ലജ്ജയില്ലേ..’ വി.ടി ബല്‍റാമിനെതിരെ ശാരദക്കുട്ടി

എ.ജെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെ പരിഹസിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. പ്രസ്ഥാനത്തിന്റെയും മാനുഷിക പ്രശ്നങ്ങളുടെയും ആത്മാവിനെ സ്പര്‍ശിക്കുവാന്‍ നേതാക്കന്മാര്‍ക്കു കഴിയണമെങ്കില്‍ അവര്‍ ഒളിഞ്ഞുനോട്ടക്കാരാകരുതെന്ന് ശാരദക്കുട്ടി പറഞ്ഞു. ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകള്‍ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്. അതാണ് ബല്‍റാമിനോട്. ‘മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍ ലജ്ജയില്ലേ ലജ്ജയില്ലേ.. നിനക്കു ലജ്ജയില്ലേ..’ എന്നു ചോദിക്കുവാന്‍ തോന്നുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഭയമില്ലാതെ പ്രണയിച്ചിരുന്ന നേതാക്കന്മാരുടെ ജീവിത കഥകള്‍ പാഠപുസ്തകങ്ങളാകണം. പുതിയ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ മേലില്‍ ബല്‍റാമിനെ പോലെ സംസാരിക്കരുതെന്നും ശാരദക്കുട്ടി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രണയിക്കാനറിയാവുന്ന, പ്രണയിച്ച പെണ്ണിനെ അഭിമാനത്തോടെ മുന്നില്‍ നിര്‍ത്തി വിപ്ലവം നയിക്കാനറിയാവുന്ന കമ്യൂണിസ്റ്റുകാരെ, അവരുടെ ഒളിവു ജീവിതത്തിന്റെയും പരസ്യ ജീവിതത്തിന്റെയും പേരില്‍ ഞാനിഷ്ടപ്പെടുന്നു. വിപ്ലവം പ്രചരിപ്പിക്കാനായി റഷ്യയിലേക്ക് ഭാര്യയുടെയും കാമുകിയുടെയും നടുവിലിരുന്ന് യാത്ര ചെയ്തെത്തിയ ലെനിനെ ഞാനിഷ്ടപ്പെടുന്നു.
പ്രസ്ഥാനത്തിന്റെയും മാനുഷിക പ്രശ്നങ്ങളുടെയും ആത്മാവിനെ സ്പര്‍ശിക്കുവാന്‍ നേതാക്കന്മാര്‍ക്കു കഴിയണമെങ്കില്‍ അവര്‍ ഒളിഞ്ഞുനോട്ടക്കാരാകരുത്. ഒളിക്യാമറയിലൂടെ കറ പുരണ്ട കണ്ണുകള്‍ കൊണ്ടുനോക്കുമ്പോഴാണ് പ്രണയം ലൈംഗിക വൈകൃതമാകുന്നത്. അതാണ് ബല്‍റാമിനോട് ‘മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍ ലജ്ജയില്ലേ ലജ്ജയില്ലേ.. നിനക്കു ലജ്ജയില്ലേ..’ എന്നു ചോദിക്കുവാന്‍ തോന്നുന്നത്. ഞങ്ങളുടെ നേതാവിന് പ്രണയമെന്തെന്നറിയാമായിരുന്നു , അത് പ്രണയമായിരുന്നു എന്ന് അഭിമാനത്തോടെ പറയുവാന്‍ കമ്യൂണിസ്റ്റുകാര്‍ ലജ്ജിക്കുന്നതെന്തിന്? മനുഷ്യനെ സ്പര്‍ശിക്കുന്ന പ്രസ്ഥാനത്തിന്റെ അമരക്കാര്‍ നല്ല കാമുകീകാമുകന്മാര്‍ കൂടി ആയിരുന്നാല്‍ എത്ര നന്നായിരിക്കും..പക്ഷേ അതിനെ ഭയപ്പെടുന്നത്., അത് ലൈംഗിക വൈകൃതമാകുന്നത് മൊത്തത്തിലുള്ള രാഷ്ടീയ കാഴ്ചപ്പാടിന്റെ വൈകല്യമാണ്. ഭയമില്ലാതെ പ്രണയിച്ചിരുന്ന നേതാക്കന്മാരുടെ ജീവിത കഥകള്‍ പാഠപുസ്തകങ്ങളാകണം. പുതിയ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ മേലില്‍ ബല്‍റാമിനെ പോലെ സംസാരിക്കരുത്. അത്തരക്കാരെ നേരിടാന്‍ കൂടുതല്‍ നല്ല പ്രണയാനഭവങ്ങളാണ് വേണ്ടത്. ചീമുട്ട നല്ല രാഷ്ട്രീയായുധമല്ല

pathram desk 1:
Related Post
Leave a Comment