ആദിയുടെ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ വെക്കാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ടിരിന്നു; പ്രണവ് സമ്മതിച്ചില്ലെന്ന് ജിത്തു ജോസഫ്

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം ‘ആദി’ ഈ മാസം അവസാനം തീയറ്ററുകളില്‍ എത്തുകയാണ്. മോഹന്‍ലാലിനെ പോലെ സിംപിളായ വ്യക്തിയാണ് പ്രണവ് എന്ന് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നു. ജിത്തു ജോസഫിന്റെ സഹസംവിധായകന്‍ കൂടിയായിരുന്നു പ്രണവ്.

തുടക്കക്കാരന്‍ എന്ന നിലയില്‍ അഭിനയത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും മികച്ച പ്രകടനം തന്നെയാണ് പ്രണവ് കാഴ്ച്ചവെച്ചിരിക്കുന്നതെന്ന് ജീത്തു പറയുന്നു. ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ ഡ്യൂപ്പിനെ വെയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രണവ് സമ്മതിച്ചില്ല. കൈയ്ക്ക് പരിക്കേറ്റപ്പോഴും ലാലേട്ടനോട് എന്തുപറയുമെന്ന വിഷമത്തിലായിരുന്നു താനെന്നും ജീത്തു പറഞ്ഞു.

എന്നെ സംബന്ധിച്ച് വലിയൊരു ഉത്തരവാദിത്തമായിരുന്നു ഈ ചിത്രം. ലാലേട്ടന്‍ അപ്പുവിനെ എന്നെ ഏല്‍പിക്കുകയായിരുന്നു. അതിന്റെ ചെറിയ ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നുവെന്നും ജിത്തു പറയുന്നു.

പ്രണവിനെക്കുറിച്ച് ജീത്തു ജോസഫ് പറഞ്ഞത്:

ഒരു തുടക്കക്കാരന്റെ ചില്ലറ പ്രശ്നങ്ങളൊഴിച്ചാല്‍ പ്രണവ് നന്നായി അഭിനയിക്കുന്നുണ്ട്. റോഡിലിറങ്ങി വണ്ടിയോടിക്കുമ്പോഴാണല്ലോ ഡ്രൈവിങ്ങില്‍ കൂടുതല്‍ തെളിയുന്നത്. അതുപോലെ പ്രണവും വരും കാലങ്ങളില്‍ കൂടുതല്‍ മെച്ചപ്പെടും. അഭിനയം തന്റെ രക്തത്തിലുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാകും. പിന്നെ അഭിനയം അപ്പുവിന് വളരെ ഇഷ്ടമാണ്. ഇതു മാത്രമല്ല മറ്റു പല ഇഷ്ടങ്ങളും അദ്ദേഹത്തിനുണ്ട്. ഇഷ്ടപ്പെടുന്ന കാര്യത്തിനു വേണ്ടി എത്ര പ്രയത്നിക്കാനും അപ്പു തയാറാണ്. സിനിമയാണ് തന്റെ മേഖലയെന്ന് അപ്പു ഉറപ്പിച്ചാല്‍ മികച്ച ഒരു നടനെ മലയാളത്തിനു ലഭിക്കും.

പാര്‍ക്കൗര്‍ എന്ന ആക്ഷന്‍ രീതിയാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ അതു മാത്രമല്ല ഈ സിനിമ. ഹോളിവുഡ് സിനിമകളിലൊക്കെ ഉപയോഗിച്ചിരിക്കുന്ന ഈ ആക്ഷന്‍ രീതി ആദിയിലും ഉണ്ടെന്നു മാത്രം. ഫ്രാന്‍സില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ഇത് അപ്പുവിനെ പരീശീലിപ്പിച്ചത്. മികച്ച രീതിയില്‍ അപ്പു ഇത് അവതരിപ്പിക്കുകയും ചെയ്തു. സ്വന്തം സിനിമകളില്‍ ഡ്യൂപ്പിനെ പരമാവധി ഒഴിവാക്കുന്നയാളാണ് മോഹന്‍ലാല്‍. എന്നാല്‍ ആദിയില്‍ ഡ്യൂപ്പിനെ വയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പ്രണവ് അതിനോട് യോജിച്ചിരുന്നില്ല. ഡ്യൂപ്പില്ലാതെ അഭിനയിക്കാനായിരുന്നു അപ്പുവിന് ആഗ്രഹം. ഫ്രാന്‍സില്‍ നിന്നുള്ള സംഘത്തിനൊപ്പം ഒരു ഡ്യൂപ്പുമുണ്ടായിരുന്നു. പക്ഷേ ഒരൊറ്റ രംഗത്തിലൊഴികെ ബാക്കി എല്ലാ രംഗങ്ങളിലും അപ്പു ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. വലിയ രണ്ടു ചാട്ടങ്ങള്‍ അപ്പു വളരെ തന്മയത്വത്തോടെ ചെയ്തു. ഡ്യൂപ്പിനെ ഉപയോഗിച്ചതു പോലും താരതമ്യേന എളുപ്പമുള്ള രംഗത്തിലായിരുന്നു. അപകടം പിടിച്ച രംഗങ്ങള്‍ അപ്പു അനായാസം കൈകാര്യം ചെയ്തു.

അഭിനയസാധ്യതയുള്ള കഥാപാത്രമാണ് ആദി. ചിത്രത്തിലെ ഒരു സീനില്‍ ഗിറ്റാര്‍ വായിച്ച് അപ്പു പാട്ട് പാടുന്ന ഒരു രംഗമുണ്ട്. അപ്പുവിന് ഗിറ്റാര്‍ ചെറുതായി വായിക്കാനറിയാം. എവിടെയും പോയി പഠിച്ചതൊന്നുമല്ല. യൂട്യൂബിലൊക്കെ നോക്കി പഠിച്ചതാണ്. ആ പാട്ടിനായി ഗിറ്റാര്‍ വായിക്കുന്നതിനു മുന്‍പ് സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സന്റെയും ഗിറ്റാറിസ്റ്റിന്റെയും ഒപ്പമിരുന്ന് എങ്ങനെ ആ പാട്ടിന് ഗിറ്റാര്‍ വായിക്കണം എന്ന് പഠിച്ചതിനു ശേഷമാണ് അപ്പു അഭിനയിച്ചത്. അത്രമേല്‍ അര്‍പ്പണബോധത്തോടെയാണ് അപ്പു ഈ സിനിമയെ സമീപിച്ചത്.

പ്രണവിന്റെ കൈ മുറിഞ്ഞ സംഭവം ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും ഞെട്ടലാണ്. അപ്പുവിന് അപകടം പറ്റി എന്നറിഞ്ഞപ്പോള്‍ ഞാനാകെ വല്ലാണ്ടായി. ഒരു ഗ്ലാസ് പൊട്ടിക്കുന്ന സീന്‍ എടുത്തപ്പോഴാണ് സംഭവം. ഷോട്ട് എടുത്തതിനു ശേഷം ഗ്ലൗസ് ഊരി നോക്കിയപ്പോള്‍ കൈ നന്നായി മുറിഞ്ഞിരിക്കുന്നു. ഞാന്‍ ആശുപത്രിയില്‍ പോയി വരാമെന്നു പറഞ്ഞ് അപ്പു പോയി. പക്ഷേ ഞാന്‍ അപ്പോഴും ലാലേട്ടനോട് എന്തു പറയുമെന്ന ആശങ്കയിലായിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞാണ് നേരെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പോലും സാധിച്ചത്.

എന്നെ സംബന്ധിച്ച് വലിയൊരു ഉത്തരവാദിത്തമായിരുന്നു ഈ ചിത്രം. ലാലേട്ടന്‍ അപ്പുവിനെ എന്നെ ഏല്‍പിക്കുകയായിരുന്നു. അതിന്റെ ചെറിയ ടെന്‍ഷന്‍ എനിക്കുണ്ടായിരുന്നു. സുചിച്ചേച്ചിക്ക് അത് അറിയാമായിരുന്നു. ചേച്ചി എന്നെ ഇടയ്ക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച് എനിക്ക് ധൈര്യം തന്നിരുന്നു. ഒപ്പം ലാലേട്ടനും സിനിമയെക്കുറിച്ചും അപ്പുവിനെക്കുറിച്ചും ഏറെ ആകാംക്ഷയോടെ ചോദിക്കുമായിരുന്നു.

രണ്ടു പേരും മികച്ച പ്രൊഫഷണലുകളാണ്. ചെയ്യുന്ന ജോലിയോടുള്ള രണ്ടു പേരുടെയും അര്‍പ്പണമനോഭാവം പറയാതിരിക്കാനാവില്ല. വളരെ ശാന്തരാണ്, ഒപ്പം ലാളിത്യമുള്ളവരുമാണ്. ലാളിത്യം തന്നെയാണ് അപ്പുവിന്റെ ഏറ്റവും വലിയ ഗുണമായി എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാ കാര്യത്തിലും അപ്പു അച്ഛന്റെ മോന്‍ തന്നെ.

pathram desk 1:
Related Post
Leave a Comment