മൂത്രമൊഴിക്കാന്‍ സൗകര്യം ഉണ്ടാക്കി കൊടുത്തില്ല; പി.ജയരാജന്റെ മകന്‍ പൊലീസ് സ്‌റ്റേഷനില്‍ ബഹളം വെച്ചു

കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതായി പരാതി. ഇന്നലെ രാവിലെയാണ് സംഭവം. പൊലീസ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആശിഷ് രാജ് ബഹളം വെച്ചത്. ഇതേത്തുടര്‍ന്ന് എ.എസ്.ഐ മനോജ് മട്ടന്നൂര്‍ സി.ഐക്കു റിപ്പോര്‍ട്ട് നല്‍കി. പൊലീസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആശിഷ് രാജും പരാതി നല്‍കിയിട്ടുണ്ട്.

രാവിലെ എട്ടരയ്ക്ക് ടൂറിസ്റ്റ് ബസില്‍ വന്നിറങ്ങിയ ആശിഷ് രാജും സംഘവും ശുചിമുറിയില്‍ പോകണമെന്ന ആവശ്യവുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പെണ്‍കുട്ടികളും അധ്യാപകരുമടക്കം പതിനഞ്ചോളം പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ഭോപ്പാലില്‍ നടന്ന എന്‍.സി.ഇ.ആര്‍.ടി കലാ ഉത്സവില്‍ നൃത്തം അവതരിപ്പിച്ച് ബംഗളുരു വഴി വരികയാണെന്നു പറഞ്ഞ ആശിഷ് തനിക്കൊപ്പമുള്ളവര്‍ക്ക് സ്റ്റേഷനിലെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ലോക്കപ്പില്‍ പ്രതികളുള്ളതിനാല്‍ ശുചിമുറി സേവനം അനുവദിക്കാനാവില്ലെന്ന് സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ നഗരസഭയുടെ പൊതു ശുചിമുറി ഉണ്ടെന്നും അത് ഉപയോഗിക്കാമെന്നുമായിരുന്നു പൊലീസിന്റെ മറുപടി. ഇതേതുടര്‍ന്ന് ആശിഷ് ബഹളം വയ്ക്കുകയും പൊലീസുകാരോടു അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.

പൊലീസുകാര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് ആശിഷ് രാജ് ജനറല്‍ ഡ്യൂട്ടിയില്‍ ഉണ്ടായ എ.എസ്.ഐ മനോജിനെതിരെ മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആശിഷിന്റെ പരാതി. സംഭവം സംബന്ധിച്ചു എ.എസ്.ഐ മനോജ് മട്ടന്നൂര്‍ സി.ഐക്കു റിപ്പോര്‍ട്ട് നല്‍കി. ഇരിട്ടി ഡി.വൈ.എസ്.പി സംഭവത്തെക്കുറിച്ച് അന്വേഷണവും നടത്തി.

വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലുള്ള സാഹചര്യത്തില്‍ സുരക്ഷാപ്രശ്‌നം കണക്കിലെടുത്താണ് സ്റ്റേഷനിലെ ടോയ്ലറ്റ് ഉപയോഗിക്കാനാവില്ലെന്ന നിലപാടെടുത്തതെന്നും സംഭവത്തില്‍ കേസൊന്നുമെടുത്തിട്ടില്ലെന്നും ഉന്നതഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും സി.ഐ എ.വി.ജോണ്‍ വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment