കര്‍ണന്‍ ചെയ്യാന്‍ വിക്രം ആദ്യം വിമുഖത കാണിച്ചു, കാരണം പൃഥ്വിരാജിന്റെ പിന്മാറല്‍ : വെളിപ്പെടുത്തലുമായി വിമല്‍

പൃഥ്വിരാജ് കര്‍ണനില്‍ നിന്ന് പിന്മാറിയതിന്റെ അമ്പരപ്പ് ഇപ്പോഴും ആരാധകര്‍ക്ക് മാറിയിട്ടില്ല. എന്നാല്‍ പകരക്കാരനായി വിക്രം വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ആരാധകര്‍ക്ക് തികച്ചും ആശ്വാസമായി. കാരണം വേഷപകര്‍ച്ചയില്‍ ഏവരെയും ഞെട്ടിക്കുന്ന താരമാണ് ചിയാന്‍ വിക്രം. എന്നാല്‍ പൃഥ്വി എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യം ഉയര്‍ന്നപ്പോഴും, കര്‍ണനായി വിക്രം തകര്‍ക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. എന്നാല്‍ കര്‍ണന്‍ ഏറ്റെടുക്കാന്‍ തുടക്കത്തില്‍ വിക്രമിന് ചെറിയൊരു മടി ഉണ്ടായിരുന്നു എന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍ പറയുന്നു. ഫോണിലൂടെ വിളിച്ച് കഥ പറഞ്ഞപ്പോള്‍ ചെറിയൊരു സംശയം ഉണ്ടായിരുന്നു. നേരിട്ട് കണ്ട് സംസാരിച്ചപ്പോള്‍ ആ സംശയം മാറിയിരുന്നു താരത്തിന്.

തമിഴില്‍ നേരത്തെ ഒരു കര്‍ണന്‍ ഉണ്ട്. ശിവാജി ഗണേശന്‍ അഭിനയിച്ച ആ കര്‍ണന്‍ ഹിറ്റാണ്. തെലുങ്കില്‍ എന്‍ ടി രാം റാവു ചെയ്ത ‘ദാന വീര സൂര കര്‍ണ’ എന്ന ചിത്രവും ഇതിഹാസമായിരുന്നു. ഈ കര്‍ണന് എന്താണ് പ്രത്യേകത എന്നായിരുന്നു വിക്രമിന്റെ സംശയവും ചോദ്യവും.

ഫോണിലൂടെ അല്ലാതെ നേരിട്ട് പോയി ആര്‍ എസ് വിമല്‍ വിക്രമിനെ കണ്ടു. കഥ വിശദീകരിച്ചു. മൂന്ന് വര്‍ഷത്തോളമായി താന്‍ ഈ സിനിമയ്ക്ക് പിന്നില്‍ പ്രവൃത്തിക്കുകയാണെന്ന് കൂടെ പറഞ്ഞതോടെ വിക്രമിന് വിശ്വാസമായി. കഥ വായിച്ചപ്പോള്‍ ആ ഗവേഷണം മനസ്സിലാക്കാന്‍ നടന് കഴിഞ്ഞിരുന്നു. കഥ ഇഷ്ടപ്പെട്ടതോടെ വിക്രം കര്‍ണനായി മാറിക്കഴിഞ്ഞു. കഥാപാത്രത്തിന് വേണ്ടി തന്റെ ശരീരത്തെ ഒരുക്കിക്കൊണ്ടിരിയ്ക്കുകയാണിപ്പോള്‍ വിക്രം.വിക്രമിന് പുറമെ വന്‍താരനിര തന്നെ ചിത്രത്തിലുണ്ടാവുമെന്ന് സംവിധായകന്‍ അറിയിച്ചു. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment