സീറോ മലബാര്‍ സഭ ഭൂമി ഇടപാട്: വൈദിക സമിതി നിര്‍ണായ യോഗം നാളെ, മാര്‍പ്പാപ്പയ്ക്ക് പരാതി അയയ്ക്കും

തിരുവനന്തപുരം: വിവാദമായ സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസ്് ചര്‍ച്ച ചെയ്യാന്‍ വൈദിക സമിതി നാളെ യോഗം ചേരും. ഭൂമി ഇടപാട് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമിതിയില്‍ അവതരിപ്പിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗത്തില്‍ പങ്കെടുക്കും. മാര്‍പ്പാപ്പയ്ക്കുള്ള വൈദിക സമിതിയുടെ പരാതിയും നാളെ അയക്കും.

അതേസമയം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച് പൊലീസില്‍ പരാതി ലഭിച്ചു. പോളച്ചന്‍ പുതുപ്പാറ എന്നായാളാണ് കൊച്ചി റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഭൂമി ഇടപാടിലെ വിശ്വാസവഞ്ചനയും അഴിമതിയും അന്വേഷിക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തില്‍ ഇതാദ്യമായാണ് പൊലീസില്‍ പരാതി നല്‍കുന്നത്.

ഇടപാടില്‍ സമൂഹ സമ്പത്തിന്റെ ദുരുപയോഗം, അഴിമതി, വിശ്വാസ വഞ്ചന, നികുതി വെട്ടിപ്പ് എന്നിവ നടന്നിട്ടുണ്ടെന്നും ഇക്കാര്യം പോലീസ് അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.

അലക്സൈന്‍ സന്യാസി സഭ സീറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപോയഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.

pathram desk 1:
Related Post
Leave a Comment