ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ (ഐ.ഒ.എ) സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) തിരഞ്ഞെടുപ്പിൽ അട്ടിമറിയും ക്രമക്കേടും നടന്നെന്ന പ്രസിഡന്റ് പി.ടി. ഉഷയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്. തിരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും രണ്ടും ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും കഴിയണമെന്നും അഞ്ജു പറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിന് കൃത്യമായ തെളിവുകൾ ഹാജരാക്കണം. പരാതികളുണ്ടെങ്കിൽ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെ സമീപിക്കണമെന്നും അവർ വ്യക്തമാക്കി.
എസ്ഒഎം തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അഞ്ജു ബോബി ജോർജ് വിജയിച്ചത്. 53 വോട്ടുകളാണ് അഞ്ജുവിന് ലഭിച്ചത്. ലഭിച്ച പിന്തുണ കായികരംഗത്ത് താൻ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്നും അവർ പ്രതികരിച്ചു. തനിക്ക് ആരൊക്കെയാണ് വോട്ട് ചെയ്തതെന്ന് മുൻകൂട്ടി പറയാൻ കഴിയില്ലെന്നും അഞ്ജു കൂട്ടിച്ചേർത്തു.
അതേസമയം, വരാനിരിക്കുന്ന ഐ.ഒ.എ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സാധ്യതകൾ അഞ്ജു പൂർണമായി തള്ളിക്കളഞ്ഞില്ല. തിരഞ്ഞെടുപ്പിൽ 40 വോട്ടുകൾ മാത്രം നേടി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി.ടി. ഉഷയ്ക്ക് ഭരണസമിതിയിലെ അംഗത്വം നഷ്ടമായതും തിരിച്ചടിയായി.
അഞ്ജുവിനു പുറമേ സൈന നെഹ്‌വാൾ, റാണി രാംപാൽ, ഡോള ബാനർജി എന്നിവരാണ് വനിതാ വിഭാഗത്തിൽനിന്ന് വിജയിച്ച മറ്റു താരങ്ങൾ. തിരഞ്ഞെടുപ്പിനുശേഷം തനിക്കെതിരെ ആസൂത്രിത നീക്കം നടന്നെന്ന പി.ടി. ഉഷയുടെ ആരോപണത്തോടെ ഐ.ഒ.എയിലെ ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്.