ആനക്കര: മുസ്‌ലിംലീഗിന്റെ പിന്തുണയോടെ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ ആനക്കര ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി. കോൺഗ്രസ് പ്രസിഡന്റ് പി.എൻ. അംബികയ്ക്കെതിരായ പ്രമേയം വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിലാണ് പാസായത്. സംഭവത്തിൽ നടപടി കടുപ്പിച്ച് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റിയെയും മൂന്ന് പഞ്ചായത്ത് അംഗങ്ങളെയും രണ്ട് മണ്ഡലം ഭാരവാഹികളെയും പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.
എൽ.ഡി.എഫിന്റെ ഏഴ് അംഗങ്ങളും മുസ്‌ലിംലീഗിന്റെ മൂന്ന് അംഗങ്ങളും അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. കോൺഗ്രസിന്റെ ആറ് അംഗങ്ങൾ ചർച്ചയിലും വോട്ടെടുപ്പിലുംനിന്ന് വിട്ടുനിന്നു. ബി.ജെ.പി. അംഗം ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ട് ചെയ്തില്ല. ലീഗിന്റെ പിന്തുണയോടെ പത്ത് വോട്ടുകൾ ലഭിച്ചതോടെയാണ് പ്രമേയം പാസായത്.
താത്കാലിക ജീവനക്കാരുടെ പുനർനിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് യു.ഡി.എഫിലെ ഭിന്നതയ്ക്ക് വഴിവെച്ചത്. പുനർനിയമന തീരുമാനത്തോട് വിയോജിച്ച മുസ്‌ലിംലീഗ് അംഗങ്ങൾ നേരത്തേ ഭരണസമിതി യോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം മാറ്റിവെക്കേണ്ട സാഹചര്യമുണ്ടായി. തുടർന്നാണ് കോൺഗ്രസ് പ്രസിഡന്റ് അംബികയ്ക്കെതിരെ എൽ.ഡി.എഫ്. അവിശ്വാസപ്രമേയം കൊണ്ടുവന്നത്. സി.പി.എം. അംഗം കെ. വിജയനാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്.
യു.ഡി.എഫ്. ബന്ധത്തിൽ വിള്ളലുണ്ടാകാതിരിക്കാൻ ലീഗിന്റെയും കോൺഗ്രസിന്റെയും ജില്ലാ, സംസ്ഥാന നേതാക്കൾ ഇടപെട്ടിരുന്നെങ്കിലും ലീഗിന്റെ പ്രാദേശിക നേതൃത്വം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് കെ.പി.സി.സി. നിർവാഹകസമിതി അംഗം സി.വി. ബാലചന്ദ്രൻ പറഞ്ഞു. തുടർനടപടികൾ പിന്നീട് ചർച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ അച്ചടക്കനടപടിയുമായി മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. പാർട്ടി നിർദേശങ്ങളും മുന്നണിയുടെ നിലപാടുകളും അംഗീകരിക്കാത്തതിനെത്തുടർന്നാണ് ആനക്കര പഞ്ചായത്ത് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
പഞ്ചായത്ത് അംഗങ്ങളായ സൽമാ ബഷീർ, സീനത്ത് പുളിക്കൽ, ഷീബ പുളിക്കൽ എന്നിവരെയും മണ്ഡലം ഭാരവാഹികളായ കെ.പി. മുഹമ്മദ്, പുല്ലാര മുഹമ്മദ് എന്നിവരെയും പാർട്ടി അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. യു.ഡി.എഫ്. ഭരണത്തിന് തിരിച്ചടിയായ സംഭവത്തിൽ പ്രാദേശിക തലത്തിലെ ഭിന്നതയും ലീഗിന്റെ അച്ചടക്കനടപടിയും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.