BREAKING NEWS

‘പപ്പടം കൊടുത്തില്ല, പിന്നെയാണ് ജഡായു ,തൂവൽ പോലും തരത്തില്ല’, ജഡായുവിനെ വിട്ടുകൊടുക്കാതെ കൊല്ലംകാർ; അവകാശവാദവുമായി ആന്ധ്രയും തമിഴ്‌നാടും

· · 1 min read
Share: Copied!

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂറും സായ് പല്ലവിയും യഷും പ്രധാന വേഷങ്ങളിലെത്തിയ ‘രാമായണം: പാർട്ട് 1’ സിനിമ ചർച്ചയാകുമ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു പോരാട്ടം. രാവണന്റെ ചന്ദ്രഹാസമേറ്റ് ചിറകറ്റുവീണ ജഡായു എവിടെയാണ് ജീവൻ വെടിഞ്ഞതെന്നതിനെച്ചൊല്ലിയാണ് തർക്കം. കേരളവും ആന്ധ്രാപ്രദേശും തമിഴ്‌നാടും തങ്ങളുടെ മണ്ണിലാണ് ഈ ഇതിഹാസ സംഭവം നടന്നതെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജഡായുപ്പാറയിലാണ് ജഡായു വീണ് ജീവൻ വെടിഞ്ഞതെന്നാണ് മലയാളി നെറ്റിസൺസിന്റെ വാദം. 1000 അടി ഉയരമുള്ള പാറയ്ക്ക് മുകളിൽ സ്ഥിതിചെയ്യുന്ന 200 അടി നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പമാണ് മലയാളികൾ തെളിവായി ഉയർത്തിക്കാട്ടുന്നത്. എന്നാൽ സിനിമയിൽ ജഡായു ചിറകറ്റുവീഴുന്നിടത്തേക്ക് രാമനും ലക്ഷ്മണനും ഓടിയെത്തുന്നതായും ജീവൻ വെടിഞ്ഞ ജഡായുവിന്റെ ശരീരം അവിടെത്തന്നെ സംസ്കരിക്കുന്നതായും കാണിക്കുന്നുണ്ടെന്നാണ് ആന്ധ്രക്കാരുടെ വാദം.

പഞ്ചവടിയിൽനിന്ന് നിമിഷനേരംകൊണ്ട് അത്രയും ദൂരം പിന്നിട്ട് രാമന് കൊല്ലത്തെത്താനാകില്ലെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ ചോദ്യം. ഇതിന് മലയാളികൾ നൽകുന്ന മറുപടിയാകട്ടെ ‘കാക്കക്കുയിൽ’ സിനിമയിലെ മുകേഷിന്റെ പ്രശസ്തമായ “കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നും അറിഞ്ഞുകൂടാ!” എന്ന ഡയലോഗ് റീലുകളാക്കിയാണ്.

‘പപ്പടം കൊടുത്തില്ല, പിന്നെയാണ് ജഡായു’, ‘തൂവൽ പോലും തരത്തില്ല’, ‘ആന്ധ്രക്കാർക്ക് കൊല്ലംകാരെ തീരെ പരിചയമില്ലെന്നു തോന്നുന്നു’, ‘പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന് കട തല്ലിപ്പൊളിച്ച കൊല്ലംകാരോട് ജഡായുവിനെ ചോദിച്ചാൽ എന്തായിരിക്കും അവസ്ഥ’, ‘വിട്ടുകൊടുക്കാത്ത ടീമുകളാണ്’ എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ രസകരമായ കമന്റുകൾ.

ആന്ധ്രാപ്രദേശിലെ ലേപാക്ഷിയിലാണ് ജഡായു ചിറകറ്റുവീണതെന്നാണ് അവിടുത്തുകാരുടെ അവകാശവാദം. പരിക്കേറ്റ് കിടന്ന പക്ഷിയെ കണ്ട് രാമൻ തെലുങ്കിൽ ‘ലേ പക്ഷീ’ (എഴുന്നേൽക്കൂ പക്ഷീ) എന്ന് വിളിച്ചതിൽനിന്നാണ് ലേപാക്ഷി എന്ന പേര് വന്നതെന്നാണ് ഇവിടുത്തെ ഐതിഹ്യം. പഞ്ചവടിയിൽനിന്ന് ലങ്കയിലേക്കുള്ള യാത്രാമാർഗം പരിശോധിച്ചാൽ ഭൂമിശാസ്ത്രപരമായി ജഡായു വീഴാൻ കൂടുതൽ സാധ്യത ആന്ധ്രയിലാണെന്നാണ് പ്രാദേശിക ചരിത്രകാരന്മാരുടെ വാദം. 2015ൽ ലേപാക്ഷിയിൽ സ്ഥാപിച്ച ജഡായു ശില്പവും തീം പാർക്കും ഇവർ തെളിവായി ചൂണ്ടിക്കാട്ടുന്നു.

കേരളത്തിനും ആന്ധ്രയ്ക്കും പുറമെ തമിഴ്‌നാടും ജഡായുവിന്റെ വീഴ്ചയിൽ അവകാശവാദമുന്നയിക്കുന്നുണ്ട്. കാഞ്ചീപുരത്തിനടുത്തുള്ള തിരുപ്പുട്കുഴിയിലാണ് ജഡായു വീണതെന്നാണ് ഇവരുടെ വിശ്വാസം. പക്ഷിവംശത്തിൽപ്പെട്ട ജഡായുവിനെ അടക്കം ചെയ്ത കുഴി എന്ന അർഥത്തിലാണ് തിരുപ്പുട്കുഴി എന്ന പേര് വന്നതെന്നാണ് ഐതിഹ്യം. രാമൻ വില്ലുറപ്പിച്ച് സൃഷ്ടിച്ചതായി വിശ്വസിക്കുന്ന ‘ജഡായു പുഷ്കരിണി’ കുളവും വിജയരാഘവ പെരുമാൾ ക്ഷേത്രവുമാണ് തമിഴ്‌നാട്ടുകാർ തെളിവായി നിരത്തുന്നത്.

സിനിമയുടെ വിജയത്തിനൊപ്പം ജഡായുവിന്റെ വീഴ്ചയെച്ചൊല്ലിയുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമായതോടെ കൊല്ലത്തെ ജഡായുപ്പാറയും ആന്ധ്രയിലെ ലേപാക്ഷിയും സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

ശില്പിയും ചലച്ചിത്ര സംവിധായകനുമായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിൽ പത്തുവർഷംകൊണ്ടാണ് ചടയമംഗലത്തെ ജഡായു എർത്ത് സെന്റർ പൂർത്തിയാക്കിയത്. 65 ഏക്കറിൽ പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ നിർമിച്ച പാർക്കിൽ നിരവധി വിനോദസഞ്ചാര സൗകര്യങ്ങളുണ്ട്. സ്വിസ് നിർമിത കേബിൾ കാർ, 60,000 കല്ലുകൾ പാകിയ 826 പടികളുള്ള നടപ്പാത, റോക്ക് ക്ലൈംബിങ്, സിപ്പ് ലൈൻ, പെയിന്റ് ബോൾ തുടങ്ങിയ സാഹസിക വിനോദങ്ങൾ ഒരുക്കിയ 20 ഏക്കറിലെ അഡ്വഞ്ചർ സോൺ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

ഇതിനുപുറമെ സിദ്ധ ഹീലിങ് കേവുകൾ, ഹെലിപാഡ്, മ്യൂസിയം, 6ഡി തിയേറ്റർ എന്നിവയുമുണ്ട്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഗ്രീൻ ഇക്കോ ടൂറിസം കേന്ദ്രമായ ഇവിടെ പാറയ്ക്ക് മുകളിൽ ശ്രീ കോദണ്ഡരാമ ക്ഷേത്രവുമുണ്ട്.

സിനിമയ്ക്കൊപ്പം ജഡായുപ്പാറയും ചർച്ചകളിൽ നിറഞ്ഞതോടെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥും സമൂഹമാധ്യമങ്ങളിലൂടെ ജഡായുപ്പാറ സന്ദർശിക്കാൻ സഞ്ചാരികളെ ക്ഷണിക്കുകയും ചെയ്തിരുന്നു.

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026