കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതിയുമായി കുന്നുകര സ്വദേശി. സ്ട്രോക്ക് വന്നത് തിരിച്ചറിയാതെ ചികിത്സ വൈകിയതിനാൽ അബ്ദുൾ ജബ്ബാറെന്ന 56കാരന്റെ കാൽ മുറിച്ച് മാറ്റേണ്ടി വന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ജൂലൈ 26നാണ് രാത്രിയിൽ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ കുന്നുകര സ്വദേശി അബ്ദുൽ ജബ്ബാർ എത്തിയത്. ആ സമയത്ത് ഹൗസ് സർജൻസി ചെയ്യുന്ന എംബിബിഎസ് വിദ്യാർഥികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നതെന്നാണ് അബ്ദുൽ ജബ്ബാർ പറയുന്നത്. അവരോട് വേദനയുള്ള കാര്യം പറഞ്ഞെങ്കിലും ചില വേദനസംഹാരികളും നൽകി ഡ്രിപ്പുമിട്ടതിന് ശേഷം അബ്ദുൽ ജബ്ബാറിനെ അവർ മടക്കി അയച്ചു.
എന്നാൽ രാത്രി വീണ്ടും വേദനയുണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിലേക്ക് വന്നെങ്കിലും അപ്പോഴും വേദനസംഹാരികൾ മാത്രമാണ് നൽകിയതെന്ന് അബ്ദുൾ ജബ്ബാർ പറയുന്നു. പിന്നീട് രാവിലെ ആശുപത്രിയിലെത്തി സർജനെ കണ്ടപ്പോഴാണ് സ്ട്രോക്ക് വന്നതാണെന്നും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടുവെന്നും ഡോക്ടർ അറിയിച്ചത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിദഗ്ധ ചികിത്സ നൽകിയെങ്കിലും കാലിന്റെ ചലന ശേഷി വീണ്ടെടുക്കാനായില്ല.
ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടി. എന്നാൽ ചലനശേഷി വീണ്ടെടുക്കാൻ പറ്റാതെ വന്നതോടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നുവെന്നാണ് 56കാരനായ അബ്ദുൽ ജബ്ബാർ പറയുന്നത്. അബ്ദുൽ ജബ്ബാറിന്റെ പരാതി നേരത്തെ സൂപ്രണ്ടിനെ അടക്കം അറിയിച്ചിരുന്നതാണ്. പക്ഷേ പരാതി ഒതുക്കി തീർക്കാനുളള ശ്രമമാണ് നടത്തിയതെന്നും അബ്ദുൽ ജബ്ബാർ ആരോപിക്കുന്നു.