ആലപ്പുഴ: കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുവ സ്വദേശി അനൂപ് (37) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് 14 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ വീഴ്ച സംഭവിച്ചതാണ് അനൂപിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
കൃത്യമായ ചികിത്സ നൽകിയില്ലെന്നും ന്യൂറോ ഡോക്ടറുടെ സേവനം ലഭ്യമാക്കിയില്ലെന്നും അനസ്തീഷ്യ നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്നും കുടുംബം പരാതിയിൽ ആരോപിച്ചു. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരിയിലക്കുളങ്ങര പൊലീസ് കേസെടുത്തു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം, ചികിത്സയിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗിയുടെ ആരോഗ്യനിലയും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യമായി ബന്ധുക്കളെ ധരിപ്പിച്ചിരുന്നതായും ആവശ്യമായ എല്ലാ ചികിത്സയും നൽകിയിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.






