തിരുവനന്തപുരം: ശ്രീകാര്യം പാങ്ങാപ്പാറയിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്ന അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ ശേഖരിച്ച് പോലീസ്. കൃത്യം നടന്ന സമയത്ത് ഒന്നും രണ്ടും പ്രതികൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കാൻ കഴിയുന്ന തെളിവുകളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്.
കൂടാതെ കൃത്യം നടന്ന സ്ഥലത്തുനിന്നു ഫൊറൻസിക് വിഭാഗം ശേഖരിച്ച മണ്ണിന്റെയും ഇലകളുടെയും സമാനമായ കാര്യങ്ങൾ ഒന്നാം പ്രതിയുടെ വീട്ടിൽനിന്നു വീണ്ടെടുത്ത വസ്ത്രങ്ങളിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഒന്നാം പ്രതിയുടെ വീട്ടിൽനിന്ന് പാന്റ്സ് ഉൾപ്പെടെ പോലീസ് കണ്ടെടുത്തത്.
കൊലപാതക സമയത്ത് ഒന്നാം പ്രതി ധരിച്ചിരുന്ന പാന്റ്സിൽ മൽപിടിത്തത്തിനിടെ പുരണ്ട മണ്ണും ഇലകളുടെയും ചെടികളുടെ പൂവിന്റെയും അവശിഷ്ടങ്ങളുമാണ് പരിശോധിച്ചത്. ഈ സ്ഥലത്ത് കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലും നിർണാകമായ വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. രണ്ടാം പ്രതി ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് ശ്രമിക്കുന്നുണ്ട്. പ്രതികൾ ലഹരി ഉപയോഗിച്ചതിനു ശേഷമാണോ കൃത്യം നടത്തിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
അഭിരാമിനോടു സുഹൃത്തിനെ വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു തവണ മാത്രമാണു വിളിച്ചത്. വരുന്നില്ലെന്നു സുഹൃത്ത് പറഞ്ഞപ്പോൾ വീണ്ടും വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അഭിരാം ഇതു സമ്മതിക്കാതെ പോകാൻ ശ്രമിച്ചപ്പാൾ ഉമർ ബെൽറ്റ് ഉപയോഗിച്ചു കഴുത്തിൽ മുറുക്കുകയും ഒന്നാം പ്രതി കഴുത്തിൽ ഞെക്കുകയുമായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.