തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനത്തിൽ പ്രതികരണവുമായി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും. മൂന്ന് മാസം മാത്രം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്നും താൻ പറഞ്ഞതിൽ എല്ലാമുണ്ടെന്നുമായിരുന്നു ഷാനിമോൾ ഉസ്മാന്റെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
പാർട്ടിയുടെ മുഖം വികൃതമാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആരും നടത്തരുതെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമുണ്ട്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അടൂർ പ്രകാശ് ഉന്നയിച്ച വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി.
അതേസമയം, അടൂർ പ്രകാശ് പരസ്യമായി പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രിയുടെ പ്രവർത്തനത്തെ വിമർശിച്ച നടപടി എഐസിസി ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെക്കുറിച്ച് നേരത്തെയും പരാതികൾ എഐസിസിക്ക് ലഭിച്ചിരുന്നതായാണ് സൂചന.
വിഷയത്തിൽ എഐസിസി കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി അന്വേഷണം നടത്തി നേതൃത്വത്തിന് റിപ്പോർട്ട് നൽകും. പാർട്ടി-സർക്കാർ ഏകോപനത്തിലെ പോരായ്മ സംബന്ധിച്ചും ദീപ ദാസ് മുൻഷി നേരത്തെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായാണ് വിവരം.




