BREAKING NEWS

സ്വർണ്ണവിലയിലെ കനത്ത ഇടിവ്: കേരളത്തിലെ വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം, ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ നിരവധിപേര്‍

· · 1 min read
Share: Copied!

അന്താരാഷ്ട്ര സ്വർണ്ണ വിപണിയിലുണ്ടാകുന്ന തുടർച്ചയായ ഇടിവിന്റെ പ്രതിഫലനം കേരളത്തിലെ സ്വർണ്ണ വ്യാപാര മേഖലയിലും പ്രകടമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണ്ണവിലയിൽ ഉണ്ടായ ഗണ്യമായ കുറവ് ഉപഭോക്താക്കൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.നവംബർ 5-ന് കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണ്ണത്തിന് 1,07,080 രൂപയായിരുന്ന വില നവംബർ 18-ന് 97,720 രൂപയായി കുറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ ഒരു പവന് 9,360 രൂപയുടെയും ഗ്രാമിന് 1,170 രൂപയുടെയും കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഏറെ നാളുകൾക്കുശേഷം സ്വർണ്ണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി.

അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണവിലയിൽ വലിയ തിരുത്തലാണ് ഉണ്ടായിരിക്കുന്നത്. നവംബർ 18-ന് ട്രോയ് ഔൺസിന് ഏകദേശം 3,770 ഡോളർ നിലവാരത്തിലേക്ക് വില താഴ്ന്നു. അമേരിക്കൻ ഡോളറിന്റെ ശക്തമായ മുന്നേറ്റവും ഫെഡറൽ റിസർവ് പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളിലുണ്ടായ മാറ്റങ്ങളുമാണ് ആഗോള വിപണിയിലെ ഇടിവിന് പ്രധാന കാരണങ്ങൾ.
കേരളത്തിലെ സ്വർണ്ണ വ്യാപാര മേഖലയിൽ ഈ വിലക്കുറവിനെ പൊതുവെ ഒരു പോസിറ്റീവ് ഘടകമായാണ് കാണുന്നത്. ഉയർന്ന വില കാരണം സ്വർണ്ണം വാങ്ങുന്നത് മാറ്റിവെച്ചിരുന്ന നിരവധി ഉപഭോക്താക്കൾ ഇപ്പോൾ വീണ്ടും ജ്വല്ലറികളിലേക്ക് എത്തുന്നുണ്ട്.

വിവാഹ ആവശ്യങ്ങൾക്കും മറ്റ് കുടുംബ ആവശ്യങ്ങൾക്കുമായി സ്വർണ്ണം വാങ്ങാൻ കാത്തിരുന്നവർക്ക് നിലവിലെ വിലക്കുറവ് വലിയ ആശ്വാസമാണ്.
എന്നാൽ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ മാറ്റിവെക്കുന്ന മറ്റൊരു വിഭാഗം ഉപഭോക്താക്കളുമുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ഇടിവ് തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിലക്കുറവ് പ്രതീക്ഷിച്ചാണ് ഇവർ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വില കുറഞ്ഞതിന്റെ ആനുകൂല്യം വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെങ്കിലും വ്യാപാരത്തിൽ പൂർണമായ ഉണർവ് ഉണ്ടായിട്ടില്ല.

സ്വർണ്ണവിലയിലെ ചാഞ്ചാട്ടം വ്യാപാരികൾക്കും വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത് എന്നതാണ്. ഉയർന്ന വിലയ്ക്ക് വാങ്ങി സ്റ്റോക്ക് ചെയ്ത സ്വർണ്ണത്തിന്റെ വിപണിമൂല്യം പെട്ടെന്ന് കുറയുന്നത് വ്യാപാരികളുടെ പ്രവർത്തന മൂലധനത്തെയും സ്റ്റോക്ക് മാനേജ്മെന്റിനെയും ബാധിക്കുന്നുണ്ട്. അതേസമയം വില കുറഞ്ഞുനിൽക്കുന്ന സമയത്ത് ഉപഭോക്താക്കൾക്ക് കൂടുതൽ സ്വർണ്ണം വാങ്ങാനുള്ള അവസരവും ലഭിക്കുന്നു.
സ്വർണ്ണവിലയിലെ ഈ ഇടിവ് ദീർഘകാല പ്രവണതയുടെ തുടക്കമാണെന്ന് ഇപ്പോൾ പറയാനാകില്ല. അന്താരാഷ്ട്ര വിപണിയിലെ സാമ്പത്തിക സാഹചര്യങ്ങൾ, അമേരിക്കൻ പലിശനിരക്ക്, ഡോളറിന്റെ മൂല്യം, രൂപയുടെ വിനിമയ നിരക്ക്, കേന്ദ്രബാങ്കുകളുടെ സ്വർണ്ണ നിക്ഷേപം തുടങ്ങിയ ഘടകങ്ങൾ വരും ദിവസങ്ങളിലും സ്വർണ്ണവിലയെ സ്വാധീനിക്കും.
വിലക്കുറവ് ഉപഭോക്താക്കൾക്ക് അവസരമാണ്; എന്നാൽ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ വാങ്ങൽ നീട്ടിവെക്കുന്നത് വിപണിയുടെ സ്വാഭാവികമായ ചലനത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ വിലയിടിവിനെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഒരുപോലെ പുതിയ വിപണി സാഹചര്യങ്ങളിലേക്ക് മാറാനുള്ള അവസരമായാണ് കാണേണ്ടത്.

അഡ്വ. എസ്. അബ്ദുൽ നാസർ ജനറൽ സെക്രട്ടറി കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ.
KGSMA