ബീഡ്: പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതിനെച്ചൊല്ലിയുള്ള ആശങ്കകൾ രാജ്യത്ത് വീണ്ടും ശക്തമാകുന്നതിനിടെ മഹാരാഷ്ട്രയിൽ നിന്ന് മറ്റൊരു മരണവാർത്തകൂടി… പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച് ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം.
അപകടത്തിൽ പ്രഹ്ലാദ് ഗെയ്ക്‌വാദ്, സുനിത ഗെയ്ക്‌വാദ് എന്നിവരാണ് മരിച്ചത്. നവംബർ 20ന് ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു അപകടം. ദമ്പതികൾ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഇവരുടെ ബൈക്കിലേക്ക് നേരിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രഹ്ലാദ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുനിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണത്തിന് കീഴടങ്ങി.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതിവേഗത്തിലെത്തിയ കാർ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇടിയുടെ ശക്തിയിൽ ഇരുവരും വായുവിലേക്ക് തെറിച്ചുയർന്ന് റോഡിലേക്ക് വീഴുകയായിരുന്നു.
ബിജെപി കോർപ്പറേറ്റർ ദീപക് മെൻഡ്കെയുടെ മകനായ പ്രായപൂർത്തിയാകാത്ത ദക്ഷ് മെൻഡ്കെയാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നതെന്നാണ് പരാതിയിൽ പറയുന്നത്. മരിച്ച ദമ്പതികളുടെ മക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ദക്ഷ് മെൻഡ്കെയ്ക്കെതിരെ കേസെടുത്തു.
2024ൽ മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന പോർഷെ കാർ അപകടത്തിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അന്ന് 17 വയസ്സുകാരൻ ഓടിച്ചുവെന്ന് ആരോപിക്കപ്പെട്ട ആഡംബര കാർ ഇടിച്ച് രണ്ട് ഐടി ജീവനക്കാർ മരിച്ചിരുന്നു.