കൊച്ചി: യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജൻ, സംസ്ഥാന സമിതി അംഗം ടി.വി. രാജേഷ് എന്നിവരെ വെറുതെവിട്ടു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് 14 വർഷങ്ങൾക്കു ശേഷം വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി സുമേഷ് മൂന്നാം പ്രതി അനൂപ് 7–ാം പ്രതി പവിത്രൻ 9–ാം പ്രതി മനോഹരൻ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 33 പ്രതികളാണ് കേസിലുണ്ടായിരുന്നത്. പത്തൊമ്പതാം പ്രതിയായ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കുറ്റവിമുക്തനാക്കി.
അതേസമയം, കേസിൽ 12 പ്രതികൾ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജു, 14-ാം പ്രതി രാധാകൃഷ്ണൻ, 15-ാം പ്രതി ഷിജിൻ മോഹനൻ, 25-ാം പ്രതി വി.വി. മോഹനൻ, 27-ാം പ്രതി അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നിവരാണ് കുറ്റക്കാർ.
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻറെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ സിപിഎം പ്രവർത്തകർ ഷുക്കൂറിനെ തടങ്കലിൽവച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്ന് കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് പി. ജയരാജനും ടി.വി.രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുവെന്നാണ് കേസിലെ പ്രധാന ആരോപണം.
കേസിൽ ആകെ 81 സാക്ഷികളാണ് ഉണ്ടായിരുന്നത്. പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹർജിയിൽ 2016 ഫെബ്രുവരിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു വർഷത്തിനു ശേഷം 2019 ഫെബ്രുവരി 11ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു.
ആകെ 33 പ്രതികളുള്ള കേസിൽ ജയരാജനും രാജേഷും 32ഉം 33ഉം പ്രതികളാണ്. ഇരുവർക്കുമെതിരേ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയത്. രണ്ട് പ്രതികൾ ഇതിനിടെ മരണപ്പെട്ടു. 2025 മേയ് അഞ്ചിനാണ് കേസിയ വിചാരണ തുടങ്ങിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 41 സാക്ഷികളെയാണ് വിസ്തരിച്ചത്.
കൊല്ലപ്പെടുന്ന സമയത്ത് ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ദൃക്സാക്ഷിയുമായ സക്കറിയയാണ് പ്രോസിക്യൂഷൻറെ പ്രധാന സാക്ഷി. 238 രേഖകളും കൊലയ്ക്കുപയോഗിച്ച ആയുധങ്ങളടക്കം 21 തൊണ്ടികളും ഹാജരാക്കി.