ന്യൂഡൽഹി: ഛഠ് പൂജയ്ക്കിടെ യമുനാ നദിയിലെ മലിനീകരണത്തെച്ചൊല്ലി ഡൽഹിയിൽ ബിജെപി-ആം ആദ്മി പാർട്ടി വാക്പോര്. നദിയിൽ കട്ടിയുള്ള വെളുത്ത പത നിറഞ്ഞുനിൽക്കുന്നതിനിടെ വിശ്വാസികൾ പൂജാചടങ്ങുകൾ നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് രാഷ്ട്രീയ വിവാദം ശക്തമായത്. യമുന ശുചീകരണത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിച്ചുവെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചപ്പോൾ, മുൻ ഭരണകാലത്ത് ഛഠ് പൂജയ്ക്ക് വിലക്കേർപ്പെടുത്തിയവർ ഇപ്പോൾ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു.
ഡൽഹിയിലെ ബിജെപി സർക്കാർ ഛഠ് പൂജയ്ക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മുൻ സർക്കാരിന്റെ കാലത്ത് യമുനാ തീരത്ത് പൂജ നടത്താൻ പോലും അനുമതി ലഭിച്ചിരുന്നില്ലെന്നുമാണ് ബിജെപി നേതാക്കളുടെ വാദം. ബിജെപി എം.പി. മനോജ് തിവാരിയാണ് ആം ആദ്മി പാർട്ടിയുടെ വിമർശനത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. രണ്ടുവർഷം മുമ്പ് ഡൽഹിയിലെ യമുനാ ഘട്ടിൽ ഛഠ് പൂജ നടത്തുന്നതിന് വിലക്കുണ്ടായിരുന്നുവെന്നും ഇപ്പോൾ വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യമുനയിലെ മലിനീകരണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയും കോൺഗ്രസും പുറത്തുവിടുന്ന ദൃശ്യങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും മനോജ് തിവാരി ആരോപിച്ചു. മുൻപ് ഛഠ് പൂജ ആഘോഷിക്കാൻ പോലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഇപ്പോൾ ഒരുക്കങ്ങളിൽ വിശ്വാസികൾ സംതൃപ്തരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, യമുനയിലെ മലിനീകരണാവസ്ഥ ഉയർത്തിക്കാട്ടിയാണ് ആം ആദ്മി പാർട്ടിയുടെ തിരിച്ചടി. നദിയിൽ വെളുത്ത പത നിറഞ്ഞുനിൽക്കുന്ന ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച പാർട്ടി, യമുന ശുചീകരണത്തിന്റെ പേരിൽ ഇതുവരെ നടത്തിയ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് ആരോപിച്ചു. വിഷാംശം നിറഞ്ഞ യമുനയിൽ പൂജ നടത്താൻ വിശ്വാസികൾ നിർബന്ധിതരാകുന്നുവെന്നും ഇതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി രേഖ ഗുപ്തയുടെ സർക്കാരിനാണെന്നും പാർട്ടി കുറ്റപ്പെടുത്തി.
ബിജെപി നേതാവും ഡൽഹി മന്ത്രിയുമായ കപിൽ മിശ്രയും ആം ആദ്മി പാർട്ടിക്കെതിരെ രംഗത്തെത്തി. ഡൽഹിയിൽ 1,400-ലധികം ഘട്ടുകളിൽ ഛഠ് പൂജയ്ക്കായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻ സർക്കാർ വിശ്വാസികൾക്ക് നദീതീരത്ത് പൂജ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയപ്പോൾ ബിജെപി സർക്കാർ അവർക്ക് ചുവപ്പുപരവതാനി വിരിച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി രേഖ ഗുപ്തയും ഛഠ് പൂജയുടെ സമാപന ചടങ്ങുകളിൽ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ ഐ.ടി.ഒ. ഘട്ടിൽ ഉദയസൂര്യന് അർഘ്യം അർപ്പിച്ച അവർ ഞായറാഴ്ച വൈകിട്ട് സോണിയ വിഹാറിലും പ്രാർഥനകളിൽ പങ്കെടുത്തിരുന്നു. യമുനയിലെ വിവിധ പൂജാഘട്ടുകൾ ബോട്ടിൽ സഞ്ചരിച്ച് മുഖ്യമന്ത്രി നേരിട്ട് സന്ദർശിക്കുകയും ചെയ്തു.
നവംബർ 13-ന് നഹായ് ഖായിയോടെ ആരംഭിച്ച നാലുദിവസത്തെ ഛഠ് പൂജാ ആഘോഷങ്ങൾ തിങ്കളാഴ്ചയാണ് സമാപിച്ചത്. 36 മണിക്കൂർ നീണ്ട ജലപാനം പോലും ഒഴിവാക്കിയുള്ള വ്രതത്തിനുശേഷം പരൺ ചടങ്ങോടെയാണ് വിശ്വാസികൾ വ്രതം അവസാനിപ്പിച്ചത്. ആഘോഷങ്ങൾ മികച്ച രീതിയിൽ നടത്താൻ സർക്കാർ ശ്രമിച്ചിട്ടുണ്ടെന്നും എന്തെങ്കിലും പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അടുത്ത വർഷം കൂടുതൽ മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും രേഖ ഗുപ്ത പ്രതികരിച്ചു.
ആഘോഷങ്ങളുടെ ക്രമീകരണങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ അവകാശവാദങ്ങൾക്കിടയിലും യമുനയിലെ മലിനീകരണപ്രശ്നം വീണ്ടും ചർച്ചയാകുകയാണ്. വിശ്വാസികളുടെ സുരക്ഷയും നദിയുടെ ശുചീകരണവും സംബന്ധിച്ച ചോദ്യങ്ങൾക്കൊപ്പം ഡൽഹിയിലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോരും ഛഠ് പൂജാ ദിനങ്ങളിൽ പുതിയ തലത്തിലെത്തി.
जहरीली यमुना, सफेद झाग और उसमें छठ मनाने को मजबूर श्रद्धालु!
रेखा गुप्ता जी, क्या आपको शर्म आती है? https://t.co/O6HlQP1BZ7
— AAP (@AamAadmiParty) November 15, 2026