കൊച്ചി: അഭിമന്യു കൊലക്കേസ് വിചാരണയ്ക്കിടെ കോടതിയിൽ വൈകാരിക നിമിഷങ്ങൾ. തനിക്ക് ഭക്ഷണം നൽകിയ കുട്ടിക്ക് അഭിമന്യു സ്വന്തം കൈപ്പടയിൽ എഴുതിനൽകിയ കുറിപ്പ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പട്ടിണിയോട് പൊരുതിയാണ് അഭിമന്യു പഠിക്കാനെത്തിയതെന്ന് വ്യക്തമാക്കുന്നതിനാണ് കുറിപ്പ് തെളിവായി ഹാജരാക്കിയത്.
‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം. ഏതായാലും വയറുനിറച്ച് ഭക്ഷണം കഴിച്ചു. വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി’ എന്നായിരുന്നു കുറിപ്പിലെ വാക്കുകൾ. അഭിമന്യുവിന്റെ ജീവിതസാഹചര്യങ്ങൾ വ്യക്തമാക്കുന്നതാണ് ഈ കുറിപ്പെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്–ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ പുരോഗമിക്കുന്നത്.
അതിനിടെ, സംഭവദിവസം തനിക്ക് ഇടിക്കട്ടകൊണ്ട് മർദനമേറ്റതായും മുഖത്ത് പരിക്കേറ്റതായും കഴിഞ്ഞ ദിവസം വിചാരണയ്ക്കിടെ സാക്ഷിയായ രാഹുൽ മൊഴി നൽകി. കുത്തേറ്റ അർജുനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായും ഇയാൾ കോടതിയിൽ പറഞ്ഞു. തന്നെ ഇടിക്കട്ടകൊണ്ട് മർദിച്ച മൂന്നാം പ്രതി റിയാസ് ഹുസൈനെ രാഹുൽ കോടതിയിൽ തിരിച്ചറിയുകയും ചെയ്തു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനു മുമ്പാകെയായിരുന്നു സാക്ഷിവിസ്താരം.