ലിവർപൂൾ: യുകെയിൽ അടുത്ത സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് മൂന്ന് വർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ച സംഭവത്തിൽ വിചാരണ ആരംഭിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ അഞ്ച് വളർത്തു ഗിനിപ്പന്നികളുടെ മൃതദേഹങ്ങളും ഇതേ ഫ്രീസറിൽ സൂക്ഷിച്ചിരുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.
65കാരനായ ജോർജ് ഗോർഡൻ തന്റെ അടുത്ത സുഹൃത്തും ഒപ്പം താമസിച്ചിരുന്നയാളുമായ ഡെലിയ മക്‌ഇനർണിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 62 വയസായിരുന്നു കൊല്ലപ്പെടുമ്പോൾ ഡെലിയയുടെ പ്രായം. 2023 ഏപ്രിലിലാണ് കൊലപാതകം നടന്നതെന്ന് ലിവർപൂൾ ക്രൗൺ കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം ഡെലിയയെ കൊലപ്പെടുത്തിയ കാര്യം ഗോർഡൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് ഇയാൾ നൽകിയ മൊഴികളിൽ മാറ്റമുണ്ടായിട്ടുണ്ട്.
അമിതമായി മരുന്ന് കഴിച്ചതിനെത്തുടർന്ന് വേദന അനുഭവിച്ചിരുന്ന ഡെലിയയുടെ ദുരിതം അവസാനിപ്പിക്കാനായി ചുറ്റികകൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ ഇപ്പോൾ സ്വയരക്ഷയ്ക്കായാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാളുടെ വാദം. കൊലപാതകക്കേസിൽ കുറ്റം സമ്മതിച്ചിട്ടില്ല. ലിവർപൂൾ ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ ഗോർഡൻ പ്രതിക്കൂട്ടിൽ ഹാജരായിരുന്നില്ല.
പോർച്ചുഗലിലേക്ക് താമസം മാറി പുതിയ ജീവിതം ആരംഭിക്കാൻ ഡെലിയ തീരുമാനിച്ചിരുന്നതായും ഇതിന് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കൊലപാതകം നടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ വ്യക്തമാക്കി. വളർത്തുമൃഗങ്ങളെയും ഒപ്പം കൊണ്ടുപോകാനായിരുന്നു ഡെലിയയുടെ പദ്ധതി.
സാമ്പത്തിക തട്ടിപ്പുകളും ആൾമാറാട്ടവും പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകത്തിന് പിന്നാലെ ഡെലിയയുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഗോർഡൻ പണം മാറ്റിയെടുത്തു. തുടർന്ന് ഓൺലൈനിലൂടെ ഒരു വലിയ ഫ്രീസർ ഓർഡർ ചെയ്തു. ഡെലിയയുടെ മൃതദേഹം വെട്ടിമുറിച്ച് അതിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് വർഷങ്ങളോളം ഡെലിയ ജീവിച്ചിരിക്കുന്നതുപോലെ നടിച്ച് ഇയാൾ മറ്റുള്ളവരെ കബളിപ്പിച്ചു.
ഡെലിയയുടെ സുഹൃത്തുക്കൾക്കും അയൽവാസികൾക്കും വ്യാജ സന്ദേശങ്ങൾ അയച്ച് അവൾക്ക് അസുഖമാണെന്നും തിരക്കിലാണെന്നും ഇയാൾ അറിയിച്ചു. അതേസമയം, ഡെലിയയുടെ പേരിൽ ക്രെഡിറ്റ് കാർഡുകളും വായ്പകളും എടുത്ത് പണം തട്ടിയെടുക്കുന്നത് തുടർന്നു. ഡെലിയയുടെ പേരിലുള്ള സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളെക്കുറിച്ച് സംശയാസ്പദമായ അന്വേഷണങ്ങൾ ഉയർന്നതോടെയാണ് പോലീസിന്റെ ശ്രദ്ധ കേസിലേക്ക് തിരിഞ്ഞത്.
തുടർന്ന് ഈ വർഷം ജനുവരിയിൽ മെർസിസൈഡിലെ സെന്റ് ഹെലൻസിലുള്ള ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി. കൈവിലങ്ങണിയിച്ച് ഗോർഡനെ ഫ്ലാറ്റിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ കുറ്റകൃത്യത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. “അവൾ അതിനുള്ളിലാണ്, അവൾ ഫ്രീസറിലാണ്” എന്നായിരുന്നു പോലീസിനോട് പറഞ്ഞത്.
2026 ജനുവരി എട്ടിനാണ് പ്രതിയുടെ ഫ്ലാറ്റിലെ ചെസ്റ്റ് ഫ്രീസറിൽനിന്ന് വെട്ടിമുറിച്ച നിലയിലുള്ള ഡെലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഡെലിയയുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ആയിരക്കണക്കിന് പൗണ്ട് തട്ടിയെടുക്കുകയും അവരുടെ പേരിൽ വായ്പകളും ക്രെഡിറ്റ് കാർഡുകളും സ്വന്തമാക്കുകയും ചെയ്തതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
മൃതശരീരത്തിനൊപ്പം ഡെലിയയുടെ അഞ്ച് വളർത്തു ഗിനിപ്പന്നികളുടെ മൃതദേഹങ്ങളും ഫ്രീസറിൽനിന്ന് കണ്ടെത്തി. മൃഗങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ. മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൃതശരീരം ഒളിപ്പിച്ചുവെച്ച കുറ്റം ഗോർഡൻ സമ്മതിച്ചിട്ടുണ്ടെങ്കിലും കൊലപാതകക്കുറ്റവും മൃഗങ്ങളോട് അനാവശ്യമായി ക്രൂരത കാട്ടിയെന്ന കുറ്റവും നിഷേധിച്ചിരിക്കുകയാണ്. ലിവർപൂൾ ക്രൗൺ കോടതിയിൽ വിചാരണ തുടരുകയാണ്.