ചവറ: സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം കൂടിയെന്ന പേരിൽ നഴ്സിങ് വിദ്യാർഥിക്ക് ക്രൂരമർദനം. ഒരാൾ അറസ്റ്റിൽ. ചവറ മടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ പ്രമോദ് കുമാർ എന്ന കണ്ണൻ പ്രമോദ് (28) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ കൊല്ലം കണ്ണനല്ലൂർ തഴുത്തല കക്കാക്കുന്നിൽ ചരുവിള വീട്ടിൽ ഷോൺ ആർ.ജോസഫ് (19) നാണ് ക്രൂര മർദനമേറ്റത്.
വാരിയെല്ലിനു ഗുരുതരമായി പരുക്കേറ്റ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഷോൺ.
പടപ്പനാലിലെ സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിയായ ഷോൺ സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം പങ്കിടുന്നത് വിദ്യാർഥിനിയുടെ സുഹൃത്തായ തേവലക്കര പുത്തൻസങ്കേതം സ്വദേശി മിഥുൻ മനോഹറിനു മറ്റൊരു വിദ്യാർഥിനി അറിയിച്ചു.
മിഥുന്റെ നിർദേശപ്രകാരം പ്രമോദും സുഹൃത്ത് അഖിലും ചേർന്ന് ഷോണിനെ ആക്രമിക്കുകയായിരുന്നു. 31 ന് വൈകിട്ട് 4.10 ന് കോളജ് വിട്ടു പുറത്തിറങ്ങിയ ഷോൺ തേവലക്കര പടപ്പനാലിലെ തട്ടുകടയിൽ കുപ്പിവെള്ളം വാങ്ങാൻ എത്തിയപ്പോൾ സംഘം മർദിക്കുകയായിരുന്നു. അസഭ്യം പറഞ്ഞ് മുഖത്തും പുറത്തും മർദിക്കുകയും നിലത്തു വീണ ശേഷം ചവിട്ടി പരുക്കേൽപിക്കുകയുമായിരുന്നു. ചവിട്ടേറ്റ ഷോണിന്റെ രണ്ട് വാരിയെല്ലു തകർന്നു. നെറ്റിയിലും കവിളിലും പരുക്കേറ്റു. സംഭവത്തിൽ തെക്കുംഭാഗം പൊലീസ് കേസെടുത്തു പ്രതിയെ ഉടൻ പിടികൂടി. പ്രമോദാണ് ഒന്നാം പ്രതി. അഖിൽ രണ്ടും മിഥുൻ മൂന്നാം പ്രതിയുമാണ്. മിഥുൻ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളതാണ്. ഒട്ടേറെ കേസുകളിൽ പ്രതിയുമാണ്.
ചവറ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ള പ്രമോദിനെതിരെ വധശ്രമം ഉൾപ്പെടെ 5 കേസുകൾ ഉണ്ട്. സംഭവത്തിൽ കുറ്റകരമായ നരഹത്യ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ചവറ സിഐ എസ്.ശിവലാൽ, തെക്കുംഭാഗം എസ്ഐ ഐ.ഷിറാസ്, എഎസ്ഐ ബിജു, സിപിഒ ഷാനിൽ, സിപിഒ നിഥിൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.