ടെന്നസി: വിഷം കുത്തിവെച്ച് നടപ്പാക്കാൻ ശ്രമിച്ച വധശിക്ഷയെ അതിജീവിച്ച അമേരിക്കൻ വനിത ക്രിസ്റ്റ പൈക്ക് ഇപ്പോഴും കടുത്ത ശാരീരികവും മാനസികവുമായ വേദനയിലെന്ന് റിപ്പോർട്ട്. സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന താൻ ജയിൽ ആശുപത്രിയിൽ ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് കഴിയുന്നതെന്ന് 50കാരിയായ പൈക്ക് വെളിപ്പെടുത്തി. കഴിഞ്ഞ മാസം ടെന്നസിയിലാണ് ഇവർക്കെതിരെ മാരകമായ മരുന്ന് കുത്തിവെച്ച് വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചത്.
സംഭവത്തിനുശേഷം ആദ്യമായി നടത്തിയ പൊതുപ്രതികരണത്തിൽ, വധശിക്ഷാ നടപടികളിലെ വീഴ്ചകളിൽ കടുത്ത വേദനയും നിരാശയും ഉണ്ടെന്ന് പൈക്ക് പറഞ്ഞു. “നിരവധി ആളുകളെ ഈ ഭയാനകമായ സാഹചര്യത്തിലേക്ക് എത്തിച്ച അധികൃതരുടെ കഴിവുകേടിൽ എനിക്ക് ആഴത്തിലുള്ള വേദനയുണ്ട്,” അവർ പ്രതികരിച്ചു.
അതേസമയം, താൻ കൊലപ്പെടുത്തിയ യുവതിയുടെ കുടുംബത്തെക്കുറിച്ചും അവരുടെ വേദനയെക്കുറിച്ചും നിരന്തരം ചിന്തിക്കുന്നുണ്ടെന്നും പൈക്ക് പറഞ്ഞു. “എന്റെ ഇരയുടെ കുടുംബത്തെക്കുറിച്ചും അവർ അനുഭവിച്ച വേദനയെയും നഷ്ടത്തെയും കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു,” എന്നായിരുന്നു അവരുടെ വാക്കുകൾ.
അതേസമയം 1995ലാണ് പൈക്കും അന്നത്തെ കാമുകനും ചേർന്ന് 19കാരിയായ സഹപാഠി കോളിൻ സ്ലെമ്മറെ ക്രൂരമായി പീഡിപ്പിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്. അന്ന് 18 വയസ്സുമാത്രമായിരുന്നു പൈക്കിന്റെ പ്രായം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീകളിൽ ഒരാളാണ് അവർ. പൈക്കിന്റെ വധശിക്ഷ നേരിൽ കാണുന്നതിനായി കൊല്ലപ്പെട്ട കോളിന്റെ അമ്മ ഫ്ലോറിഡയിൽനിന്ന് ടെന്നസിയിലെത്തിയിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതിനായി രണ്ട് ഡോസ് പെന്റോബാർബിറ്റൽ എന്ന മാരക മരുന്നാണ് പൈക്കിന്റെ ശരീരത്തിൽ കുത്തിവെച്ചത്. എന്നാൽ, മരുന്ന് ശരിയായ രീതിയിൽ രക്തപ്രവാഹത്തിൽ എത്തിയില്ലെന്നും കൈകളിൽ അടിഞ്ഞുകൂടിയതായിരിക്കാമെന്നുമാണ് അഭിഭാഷകരുടെ ആരോപണം. ഇതേത്തുടർന്ന് കൈകളിൽ പൊള്ളലും കുമിളകളും രൂപപ്പെട്ടു.
വധശിക്ഷാ നടപടികൾക്കിടെ ബോധരഹിതയായ പൈക്കിനെ വെന്റിലേറ്ററിന്റെ സഹായത്തോടെ ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സിച്ചു. ഒരു ഘട്ടത്തിൽ അവർ അതിജീവിക്കുമെന്ന് പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കിയിരുന്നു.
“ആ രാത്രിക്ക് ശേഷം ഒരു നിമിഷം പോലും വേദനയില്ലാതെ കടന്നുപോയിട്ടില്ല. ശരീരം വേദനിക്കുന്നു. കൈകളും കൈപ്പത്തികളും വേദനിക്കുന്നു. കൈകൾ പൊട്ടിത്തെറിക്കുന്നപോലെയാണ്, തൊണ്ടയ്ക്കും വേദനയുണ്ട്. ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്. വേദന ശാരീരികം മാത്രമല്ല. മനസ്സിലും ആത്മാവിലും വേദനയുണ്ട്,” പൈക്ക് പറഞ്ഞു.
മരണത്തെ സമാധാനത്തോടെ സ്വീകരിക്കാൻ താൻ തയ്യാറെടുത്തിരുന്നുവെന്നും എന്നാൽ പിന്നീട് ആശുപത്രിക്കിടക്കയിൽ ഒറ്റയ്ക്കും ആശയക്കുഴപ്പത്തിലുമായാണ് ഉണർന്നതെന്നും അവർ വെളിപ്പെടുത്തി. തനിക്ക് സംഭവിച്ചതിന്റെ അർഥം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോഴെന്നും പറഞ്ഞു. “ആ രാത്രി ഞാൻ എന്തുകൊണ്ട് അതിജീവിച്ചുവെന്ന് എനിക്കറിയില്ല. ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്നും അറിയില്ല,” ജയിലിൽനിന്ന് അഭിഭാഷകർക്ക് പറഞ്ഞുകൊടുത്ത പ്രസ്താവനയിൽ പൈക്ക് വ്യക്തമാക്കി.
അതേസമയം വധശിക്ഷാ വിധി ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, അത് ജീവപര്യന്തം തടവായി മാറ്റണമെന്ന് പൈക്കിന്റെ അഭിഭാഷകർ റിപ്പബ്ലിക്കൻ ഗവർണർ ബിൽ ലീയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കോടതികൾ മറ്റൊരു തീരുമാനം എടുക്കുന്നില്ലെങ്കിൽ നിലവിലെ ശിക്ഷയിൽ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്നാണ് ഗവർണർ ഈ ആഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്.
പരാജയപ്പെട്ട വധശിക്ഷാ നടപടികളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ മുൻ യുഎസ് അറ്റോർണിയെ ഗവർണർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്ത് നടത്താനിരുന്ന മറ്റൊരു വിഷമരുന്ന് കുത്തിവെച്ചുള്ള വധശിക്ഷയും മാറ്റിവെച്ചിട്ടുണ്ട്. പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമത്തിൽ തുടക്കംമുതൽ നിരവധി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് അഭിഭാഷകർ പറയുന്നത്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർധിക്കുന്നതുമായി ബന്ധപ്പെട്ട ത്രോംബോസൈറ്റോസിസ് എന്ന രോഗാവസ്ഥയും കൈകളിലെ സിരകൾ ചെറുതായിരിക്കുന്നതും കുത്തിവെപ്പിനായി സിര കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, പൈക്കിന്റെ കൈകളിൽ ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന ഐവി ലൈനുകൾ സ്ഥാപിക്കാൻ വധശിക്ഷാ സംഘത്തിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. ഒരു സിര പൊട്ടുകയാണോ എന്ന ആശങ്കയും ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചതായി അഭിഭാഷകൻ റാൻഡി സ്പൈവെ രേഖപ്പെടുത്തി.
വധശിക്ഷാ നടപടികൾ പുരോഗമിക്കുന്നതിനിടെ ഏറെ നേരം പൈക്ക് ബോധവതിയായിരുന്നു. കൈയിൽ വേദനയും പൊള്ളുന്നതുപോലുള്ള അനുഭവവും ഉണ്ടെന്ന് അവർ പരാതിപ്പെട്ടിരുന്നു. പിന്നീട് ബോധരഹിതയായി. വൈകുന്നേരം 7.30ന് തൊട്ടുമുമ്പാണ് വധശിക്ഷാ നടപടികൾ ആരംഭിച്ചത്. ഏകദേശം ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞാണ് ആംബുലൻസ് ജയിലിലെത്തിയത്.
സംഭവം ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്ന രീതികളെക്കുറിച്ച് വീണ്ടും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വധശിക്ഷാ നടപടികൾക്കിടെ ഐവി ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനത്തിലെ വീഴ്ചകളാണ് ഇപ്പോൾ പ്രധാനമായും പരിശോധിക്കപ്പെടുന്നത്. കോടതി രേഖകൾക്കൊപ്പം ഈ ആഴ്ച പുറത്തുവിട്ട 2025ലെ മൊഴിയിൽ, ജയിലിലെ വാർഡൻ കെന്നത്ത് നെൽസൺ നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. പരിശീലന സമയത്ത് വധശിക്ഷാ സംഘം ഐവി ലൈൻ സ്ഥാപിക്കുന്നതിൽ പരിശീലനം നടത്താറില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജയിൽ വകുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് ഈ പരിശീലനം ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പരിശീലനം നിർത്തലാക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നോ എപ്പോഴാണെന്നോ തനിക്ക് അറിയില്ലെന്നും നെൽസൺ പറഞ്ഞു.
ടെന്നസിയിൽ നേരത്തെ നിലവിലുണ്ടായിരുന്ന വധശിക്ഷാ നടപടിക്രമങ്ങളിൽ ഐവി ലൈൻ സ്ഥാപിക്കുന്നതിനുള്ള പരിശീലനം ഉൾപ്പെട്ടിരുന്നു. എന്നാൽ പുതിയ പ്രോട്ടോക്കോളിൽ ഇത് ഒഴിവാക്കിയിട്ടുണ്ട്. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ സംഭവവുമായി ബന്ധപ്പെട്ട രേഖകളിൽ പ്രതികരിക്കാനാകില്ലെന്ന് ടെന്നസി ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻ വക്താവ് ഡൊറിൻഡ കാർട്ടർ അറിയിച്ചു.
പരാജയപ്പെട്ട വധശിക്ഷാ നടപടികൾക്കു പിന്നാലെ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻ കമ്മീഷണർ ഫ്രാങ്ക് സ്ട്രാഡ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 31 ആയിരിക്കും അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനമെന്ന് കാർട്ടർ വ്യക്തമാക്കി. അതേസമയം വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതും അതിജീവിച്ച പ്രതിയുടെ ആരോഗ്യസ്ഥിതിയും ടെന്നസിയിലെ വധശിക്ഷാ സംവിധാനത്തിന്റെ സുരക്ഷിതത്വത്തെയും നടപടിക്രമങ്ങളെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.