BREAKING NEWS

ഭർത്താവിനെ സ്കൂട്ടറിലെത്തിയ സംഘം തട്ടികൊണ്ടുപോയെന്ന് ഭാര്യയുടെ പരാതി; പിന്നാലെ കാണാതായ ആൾ സ്റ്റേഷനിലെത്തി; എന്തോ പൊരുത്തക്കേട്, പോലീസിന് സംശയം; വീടു പരിശോധിച്ചപ്പോൾ കള്ളനോട്ടടിക്കുന്ന പ്രിന്ററും രണ്ടരക്കോടിയുടെ നോട്ടുകൾ നിർമിക്കാവുന്ന പേപ്പർകെട്ടുകളും!

· · 1 min read
Share: Copied!

കൊല്ലം: വീട്ടിൽനിന്ന് 500 രൂപയുടെ കള്ളനോട്ട് അച്ചടിക്കാനായി തയ്യാറാക്കിയ പേപ്പർകെട്ടുകളും പ്രിന്ററും പിടിച്ചെടുത്തു. കൊല്ലം വാടി കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ സിബിയോൺ (37) എന്നയാളുടെ വീട്ടിൽനിന്നാണ് ഇവ കണ്ടെത്തിയത്. ഇയാളെ പള്ളിത്തോട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. പേപ്പർകെട്ടുകളുടെ അച്ചടി പൂർത്തിയായിരുന്നെങ്കിൽ രണ്ടരക്കോടിയോളം രൂപയുടെ കള്ളനോട്ടുകൾ നിർമിക്കാനാകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയായിരുന്നു പരിശോധന. പിടിച്ചെടുത്ത പേപ്പർകെട്ടുകളുടെ വശങ്ങളിൽ 500 രൂപ നോട്ടിന്റെ ഡിസൈൻ അച്ചടിച്ചിട്ടുണ്ട്. വീട്ടിൽനിന്ന് 400 ഗ്രാമോളം സ്വർണവും നാലുലക്ഷത്തിലധികം രൂപയും കണ്ടെത്തിയിട്ടുണ്ട്. ഇതും കള്ളനോട്ടാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

സിബിയോൺ നോട്ട് ഇരട്ടിപ്പിക്കൽ സംഘത്തിലെ കണ്ണിയാണെന്നാണ് പോലീസിന്റെ സംശയം. 50,000 രൂപയുടെ യഥാർഥ നോട്ട് നൽകുന്നവർക്ക് പകരം രണ്ടുലക്ഷം രൂപയുടെ കള്ളനോട്ട് നൽകി കബളിപ്പിക്കുന്ന സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പള്ളിത്തോട്ടം എസ്.എച്ച്.ഒ. പ്രതിഭ ജി. നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വീട്ടിൽനിന്ന് കണ്ടെത്തിയ പേപ്പർകെട്ടുകൾ കള്ളനോട്ട് അച്ചടിക്കാനായി തയ്യാറാക്കിയതാണോ, അതോ ഇടപാടിനെത്തുന്നവരെ കബളിപ്പിക്കാൻ നോട്ടിന്റെ മാതൃകയിൽ വശങ്ങളിൽ മാത്രം അച്ചടിച്ചതാണോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. വശങ്ങളിൽ മാത്രം അച്ചടിച്ച പേപ്പർകെട്ടുകൾക്കു മുകളിൽ 500 രൂപയുടെ യഥാർഥ നോട്ട് വെച്ചാൽ താഴെയുള്ളവയും സമാനമായ നോട്ടുകളാണെന്ന് തോന്നിപ്പിക്കാനാകും.

സിബിയോൺ തട്ടിക്കൊണ്ടുപോകപ്പെട്ടെന്ന ഭാര്യയുടെ പരാതിയാണ് സംഭവത്തിൽ നിർണായകമായത്. ഈ മാസം 17-ന് സ്കൂട്ടറിലെത്തിയ സംഘം ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഭാര്യ പള്ളിത്തോട്ടം പോലീസിൽ നൽകിയ പരാതി. അന്വേഷണം നടക്കുന്നതിനിടെ സിബിയോൺ സ്റ്റേഷനിൽ ഹാജരായി. തട്ടിക്കൊണ്ടുപോയ സംഘത്തിൽനിന്ന് രക്ഷപ്പെട്ടതാണെന്നും തന്റെ സ്കൂട്ടറും സ്വർണമോതിരവും സംഘം കൈക്കലാക്കിയെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

എന്നാൽ, അടുത്ത ദിവസം സിബിയോണിന്റെ സ്കൂട്ടർ കൊല്ലം ക്യു.എ.സി. റോഡിൽനിന്ന് പോലീസ് കണ്ടെത്തി. നഷ്ടപ്പെട്ടതായി പറഞ്ഞ സ്വർണമോതിരവും സ്കൂട്ടറിലുണ്ടായിരുന്നു. ഇതോടെയാണ് പോലീസിന് സംശയം തോന്നിയത്. തുടർന്ന് സിബിയോണിനെ പോലീസും ഡാൻസാഫ് സംഘവും നിരീക്ഷിച്ചുവരികയായിരുന്നു.

ഇതിനിടെ വെള്ളിയാഴ്ച വൈകീട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽപരിശോധനയിലാണ് പ്രിന്ററും പേപ്പർകെട്ടുകളും ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്. കള്ളനോട്ട് നിർമാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.

BREAKING NEWS
ടെൻഡർ വിളിക്കാതെ ഭാര്യയുടെ കമ്പനിക്ക് വിഴിവിട്ട സഹായം നല്‍കി, മിൽമ, കേരഫെഡ് കരാറുകളിൽ ഗുരുതര വീഴ്ച, കുരുക്കിലായി ഗണേഷ് കുമാര്‍
24 Oct 2026
BREAKING NEWS
വിലക്ക് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രം, സമ്പൂര്‍ണമായി മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത തെറ്റ്, വിശദീകരണവുമായി ലോക്ഭവന്‍
24 Oct 2026
BREAKING NEWS
എസ്എംഎ മരുന്ന് വിവാദം ബൂമറാങായി; മരുന്ന് വാങ്ങിയത് എൽഡിഎഫ് കാലത്തെ കൂടിയാലോചനകളെ തുടർന്ന്, സംസ്ഥാന മിഷൻ ഡയറക്ടർ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിവരങ്ങൾ
24 Oct 2026
BREAKING NEWS
"ഫോർട്ട് കൊച്ചി നിറയെ മുസ്ലിങ്ങള്‍, കേരളം അപകടത്തിലാണ്", ഹിന്ദുക്കൾക്ക് തുറന്നു സംസാരിക്കാൻ പോലും സാധിക്കുന്നില്ല, കാശി എന്നുപേരുള്ള കഫേയില്‍ മുഴുവന്‍ ബീഫ് വിഭവങ്ങള്‍, വിദ്വേഷ വീഡിയോയുമായി ഉത്തരേന്ത്യൻ ഇൻഫ്‌ളുവൻസർ, ദുഃഖകരമായ യാഥാർഥ്യമെന്ന കമന്റുമായി ദിയ കൃഷ്ണ
24 Oct 2026