ന്യൂഡൽഹി: സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവും പരിഹാസവുമായി അഭിജീത് ദീപ്‌കെ. യുവ പ്രതിഷേധക്കാരെ ഭയപ്പെടുത്തുന്നതിനായി സർക്കാർ സംവിധാനങ്ങൾ പ്രധാനമന്ത്രി ഉപയോഗിക്കുന്നുവെന്ന് ദീപ്‌കെ ആരോപിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത ദീപ്‌കെ സൗരവ് ദാസിന്റെയും അശുതോഷിന്റെയും ധീരതയെ പുകഴ്ത്തുകയും ചെയ്തു.
’26 വയസുള്ള സൗരവ് ദാസിനെ ജയിലിൽ അടയ്ക്കുന്നതിലൂടെ നിങ്ങൾ വളരെ ശക്തനാണെന്ന് തോന്നാം. തെരുവുകളിൽ കുട്ടികളെ മർദ്ദിക്കുന്നതിലൂടെ നിങ്ങൾ ശക്തനാണെന്ന് തോന്നം. ഡൽഹിയിലുടനീളം ബാരിക്കേഡുകൾ വെക്കുന്നതിലൂടെയും തെരുവുകളിൽ വിദ്യാർത്ഥികളെ വലിച്ചിഴക്കുന്നതിലൂടെയും നിങ്ങൾ ശക്തനാണെന്ന് സ്വയം തോന്നാം’, ദീപ്‌കെ പരിഹസിച്ചു.
‘ ഇതാണോ നിങ്ങളുടെ ധൈര്യം? പോലീസിന്റെ പിന്നിൽ, കോടതിയുടെ മറവിൽ ഒളിച്ചിരിക്കുന്നതാണോ നരേന്ദ്ര മോദിയുടെ ധൈര്യം? അവരെ ജയിലിൽ അടച്ചതിലൂടെ നിങ്ങൾ ശക്തനായ പ്രധാനമന്ത്രിയായെന്ന് തോന്നുന്നുണ്ടോ? നിങ്ങൾ വെറുമൊരു ഭീരുവാണ്’, അഭിജീത് ദീപ്‌കെ പരിഹസിച്ചു.
അതേസമയം സൗരവ് ദാസിന്റെ ധൈര്യത്തെയും ദീപ്‌കെ പുകഴ്ത്തി. ഒരു ദിവസം പോലും ജയിലിൽ കിടക്കാൻ സാധിക്കുമോ എന്ന ചിന്തയുണ്ടായിരുന്ന സൗരവ് അഞ്ച് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ചിരിച്ച് കൊണ്ടാണ് കോടതിയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജുഡീഷ്യൽ കസ്റ്റഡി നീട്ടിയപ്പോഴും അവൻ പേടിച്ചില്ല. ഇതാണ് ധൈര്യമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ഭയത്തിന്റെ മുന്നിൽ കീഴടങ്ങാത്തതിന് അശുതോഷിനെയും ഇരു നേതാക്കളുടെ കുടുംബത്തെയും അഭിജീത് പ്രശംസിച്ചു. അറസ്റ്റിലൂടെയും തടവിലൂടെയും നിശബ്ദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത്തരം നടപടികളിലൂടെ യുവ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനാകില്ലെന്നും ദീപ്‌കെ പറഞ്ഞു.
‘ മിസ്റ്റർ മോദി, ഞങ്ങളിൽ ആർക്കും നിങ്ങളെ പേടിയില്ല. ഞങ്ങളിൽ ആരും നിശബ്ദരാകില്ല. ഞങ്ങളെ ജയിലിൽ അടച്ചാൽ ഞങ്ങൾ നിശബ്ദരാകുമെന്ന് കരുതുന്നെങ്കിൽ അങ്ങനെ ഒന്ന് നടക്കാൻ പോകുന്നില്ല’, ദീപ്‌കെ പറഞ്ഞു. അതേപോലെ അശുതോഷും സൗരവ് ദാസും ജന്തർ മന്തറിൽ പോയത് ദേശീയ പതാക ഉയർത്താനാണെന്നും എന്നാൽ അവരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടെന്നും ദീപ്‌കെ കുറ്റപ്പെടുത്തി. ഇരുവരുടെയും കോടതി നടപടികൾ മാറ്റിവെക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഇന്നലെ ജാമ്യം നൽകിയിരുന്നില്ല. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റേതാണ് തീരുമാനം. ഇരുവരും ഇനിയും പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നു.