ബ്രസീലിയ: വിവാഹം കഴിച്ച് ഒരുമിച്ച് ജീവിതം തുടങ്ങാമെന്ന് വിശ്വസിച്ച യുവതിയെ കാണാൻ സ്വന്തമായുള്ളതെല്ലാം വിറ്റ് 1,931 കിലോമീറ്ററിലധികം യാത്ര ചെയ്ത 49കാരന് ഒടുവിൽ നേരിടേണ്ടിവന്നത് കടുത്ത നിരാശ. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതി യഥാർഥ വ്യക്തിയല്ലെന്നും നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിച്ച സാങ്കൽപ്പിക കഥാപാത്രമാണെന്നും തിരിച്ചറിഞ്ഞതോടെയാണ് എഡിമർ മാർട്ടിൻസിന്റെ സ്വപ്നങ്ങളാണ് തകർന്നത്.
ബ്രസീലിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ മരൻഹാവോയിൽ താമസിക്കുന്ന ഇഷ്ടികപ്പണിക്കാരനായ മാർട്ടിൻസ്, 2020ലാണ് ജെസിക്ക ഒലിവെയ്റ എന്ന പേരിലുള്ള യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടതെന്ന് പ്രാദേശിക ചാനലായ ടിവി മിറാന്റെയോട് പറഞ്ഞു. ജെസിക്ക ഫസെൻഡെയ്റ എന്ന പേരിലും അറിയപ്പെട്ടിരുന്ന ഈ അക്കൗണ്ടിന് മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഒരു ഗ്രാമീണ ഫാമിൽ സന്തോഷകരമായ ജീവിതം നയിക്കുന്ന യുവതിയുടെ വീഡിയോകളാണ് അക്കൗണ്ടിൽ പ്രധാനമായും ഉണ്ടായിരുന്നത്. തന്റെ അടുത്തേക്ക് താമസിക്കാൻ വരാൻ പുരുഷന്മാരെ ക്ഷണിച്ചിരുന്ന യുവതി, അവർക്ക് താമസിക്കാൻ വീടും സാമ്പത്തിക സഹായവും നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. അമ്മയുടെ മരണത്തിനുശേഷം കടുത്ത ഏകാന്തതയിലൂടെ കടന്നുപോകുകയായിരുന്നു മാർട്ടിൻസ്. ജീവിതത്തിൽ പുതിയൊരു തുടക്കം കുറിക്കാൻ ഈ യുവതിക്ക് സഹായിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഫാമിൽ താമസിക്കാൻ ഇടം നൽകാമെന്നും സാമ്പത്തികമായി പിന്തുണയ്ക്കാമെന്നും യുവതി ഒരു വീഡിയോയിലൂടെ വാഗ്ദാനം ചെയ്തതോടെ മാർട്ടിൻസിന്റെ പ്രതീക്ഷകൾ വർധിച്ചു. ഒടുവിൽ തനിക്ക് അനുയോജ്യയായ ജീവിതപങ്കാളിയെ കണ്ടെത്തിയെന്ന വിശ്വാസത്തിൽ അവരെ നേരിൽ കാണാൻ തീരുമാനിക്കുകയായിരുന്നു.
ഒക്ടോബർ ഒമ്പതിനാണ് യാത്രയ്ക്കുള്ള പണം കണ്ടെത്താൻ മാർട്ടിൻസ് തന്റെ കൈവശമുണ്ടായിരുന്ന വസ്തുക്കളെല്ലാം വിറ്റത്. ബ്രസീലിന്റെ തെക്കുകിഴക്കൻ സംസ്ഥാനമായ മിനാസ് ജെറൈസിന്റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലേക്കായിരുന്നു യാത്ര. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, ഒരു ദിവസത്തിലധികം ബസിൽ യാത്ര ചെയ്ത അദ്ദേഹം ഒക്ടോബർ 11ന് നഗരത്തിലെത്തി.
യുവതിയുടെ ചിത്രങ്ങൾ കൈവശമുണ്ടായിരുന്ന മാർട്ടിൻസ് നഗരത്തിലെ വിവിധയിടങ്ങളിൽ അവരെ അന്വേഷിച്ചു. ചിത്രങ്ങൾ ആളുകളെ
കാണിച്ച് യുവതിയെ തിരിച്ചറിയുമോയെന്നും അന്വേഷിച്ചു. എന്നാൽ ആർക്കും അവരെക്കുറിച്ച് അറിയില്ലായിരുന്നു. ഒടുവിൽ അദ്ദേഹം ഒരു പ്രാദേശിക റേഡിയോ സ്റ്റേഷനെ സമീപിച്ചു. അവിടെനിന്നാണ് താൻ അന്വേഷിക്കുന്ന യുവതി യഥാർഥത്തിൽ നിലവിലില്ലെന്നും സമൂഹമാധ്യമ അക്കൗണ്ട് വ്യാജമാണെന്നും അദ്ദേഹം അറിഞ്ഞത്. താൻ വിവാഹം കഴിക്കുമെന്ന് സ്വപ്നം കണ്ട യുവതി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഒരു സാങ്കൽപ്പിക വ്യക്തിയാണെന്ന തിരിച്ചറിവ് മാർട്ടിൻസിനെ തളർത്തി.
“ഇതെല്ലാം ദുഃഖവും നിരാശയും വിഷാദവും മാത്രമാണ് നൽകുന്നത്. ഒരു ബന്ധം കണ്ടെത്താൻ ആഗ്രഹിച്ച നിരവധി പേരുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ വന്നത്,” മാർട്ടിൻസ് പറഞ്ഞു. വ്യാജ അക്കൗണ്ടിന് പിന്നിലുള്ള വ്യക്തി പിന്നീട് യുവതിയുടെ കഥാപാത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് സമ്മതിച്ചു. എന്നാൽ മാർട്ടിൻസുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. “വ്യക്തമായ ഒരു കാര്യം പറയാനാണ് ഞാൻ ഇവിടെ വന്നത്, ഞാൻ നിർമിതബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ടതാണ്. ഈ പ്രൊഫൈലിലൂടെ ഞാൻ ആരുമായും സംസാരിച്ചിട്ടില്ല. അക്കൗണ്ടിന്റെ ലക്ഷ്യം കൂടുതൽ ഇടപെടലുകൾ നേടുകയും പിന്നീട് അത് വിൽക്കുകയുമായിരുന്നു. ആരോടും നേരിട്ട് സംസാരിച്ചിട്ടില്,; ബെലോ ഹൊറിസോണ്ടെയിലേക്ക് ആരെയും വിളിച്ചുവരുത്തിയിട്ടുമില്ല. ഇവിടെ സംഭവിച്ച കാര്യങ്ങൾ എന്നെപ്പോലും അത്ഭുതപ്പെടുത്തി,” സാങ്കൽപ്പിക കഥാപാത്രത്തിന്റെ പേരിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.
അതേസമയം യാത്രയ്ക്കായി കൈവശമുണ്ടായിരുന്ന പണമെല്ലാം ചെലവഴിച്ച മാർട്ടിൻസ് നഗരത്തിൽ കുടുങ്ങിയ അവസ്ഥയിലായി. തുടർന്ന് അദ്ദേഹം നഗരസഭാ അധികൃതരുടെ സഹായം തേടി. സാമൂഹിക പ്രവർത്തകർ ഇടപെട്ട് ഭക്ഷണവും കുളിക്കാനുള്ള സൗകര്യവും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ബസ് ടിക്കറ്റും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകി. എന്നാൽ ഈ അനുഭവം മാർട്ടിൻസിന്റെ പ്രണയപ്രതീക്ഷകൾ പൂർണമായി ഇല്ലാതാക്കിയിട്ടില്ല. നിലവിൽ ഒരു ബന്ധുവിനൊപ്പമാണ് അദ്ദേഹം താമസിക്കുന്നത്. ജീവിതപങ്കാളിയെ കണ്ടെത്തി ഒരുമിച്ച് ജീവിതം നയിക്കണമെന്ന ആഗ്രഹം ഇപ്പോഴും അദ്ദേഹത്തിനുണ്ട്. അതിനായി ബെലോ ഹൊറിസോണ്ടെയിലേക്ക് വീണ്ടും പോകാനും അദ്ദേഹം ആലോചിക്കുന്നു. “അവളെ കണ്ടെത്താനായില്ല. പക്ഷേ മറ്റൊരാളെ കണ്ടെത്തും. ഞാൻ പോയ അതേ സ്ഥലത്തുവെച്ചായിരിക്കും അത്. ഞാൻ വീണ്ടും പോകും,” മാർട്ടിൻസ് പറഞ്ഞു.
ദ സൺ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ആറുമാസത്തിനിടെ എഐ ഉപയോഗിച്ച് സൃഷ്ടിച്ച യുവതിയെ നേരിൽ കാണാമെന്ന പ്രതീക്ഷയിൽ ബെലോ ഹൊറിസോണ്ടെയിലേക്ക് യാത്ര ചെയ്യുന്ന മൂന്നാമത്തെ പുരുഷനാണ് മാർട്ടിൻസ്. സമൂഹമാധ്യമങ്ങളിൽ യഥാർഥ വ്യക്തികളെപ്പോലെ അവതരിപ്പിക്കപ്പെടുന്ന എഐ കഥാപാത്രങ്ങളെക്കുറിച്ചും അവയുടെ പിന്നിലുള്ള ലക്ഷ്യങ്ങളെക്കുറിച്ചും ഈ സംഭവം വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രണയബന്ധങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നവർക്ക് ഇത്തരം വ്യാജ പ്രൊഫൈലുകൾ വലിയ സാമ്പത്തികവും വൈകാരികവുമായ നഷ്ടങ്ങൾക്ക് കാരണമാകാമെന്ന മുന്നറിയിപ്പും ഈ സംഭവം നൽകുന്നു.