ഫ്രാൻസ്: സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും ജീവിതച്ചെലവ് വർധിക്കുന്നതിനുമെതിരെ ഫ്രാൻസിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. ശനിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ പ്രതിഷേധങ്ങളിൽ 1,200 പേരെ അറസ്റ്റ് ചെയ്തു. ഏകദേശം 5.5 ലക്ഷം പേർ തെരുവിലിറങ്ങിയതായാണ് കണക്ക്. പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെ 150 പോലീസുകാർക്ക് പരുക്കേറ്റതായി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു അറിയിച്ചു. സംഭവങ്ങളെ രാജ്യത്തെ അക്രമത്തിന്റെ തീവ്രത വർധിക്കുന്നതിന്റെ സൂചനയായാണ് ഫ്രഞ്ച് സർക്കാർ വിശേഷിപ്പിച്ചത്.
അതേസമയം തലസ്ഥാനമായ പാരിസിൽ വൈകുന്നേരം വരെ പ്രതിഷേധക്കാരും കലാപവിരുദ്ധ പോലീസും തമ്മിൽ ഏറ്റുമുട്ടലുകൾ തുടർന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പാരിസിലും മറ്റ് നഗരങ്ങളിലും നിരവധി കെട്ടിടങ്ങൾക്ക് തീയിട്ടു. ലിമോജസിലെ നഗരസഭാ മന്ദിരത്തിലുണ്ടായ വലിയ തീപിടിത്തത്തിൽ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. വിവിധ നഗരങ്ങളിൽ കൊള്ളയും വ്യാപകമായ നശീകരണ പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്തു. നഗരസഭാ മന്ദിരങ്ങളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.
പാരിസിൽ ഉച്ചകഴിഞ്ഞ് നടന്ന പ്രധാന റാലി തുടക്കത്തിൽ ഏറെക്കുറെ സമാധാനപരമായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത ചില യുവാക്കൾ തങ്ങൾ സമാധാനപരമായി പ്രതിഷേധിക്കുന്നവരാണെന്നും മാറ്റങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ബിബിസിയോട് പറഞ്ഞു. എന്നാൽ ഒന്നും മാറുന്നില്ലെന്ന നിരാശയും അവർ പങ്കുവച്ചു. ദിവസം പുരോഗമിച്ചതോടെ ചില സംഘങ്ങൾ തെരുവുകളിൽ തീയിടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. പാരിസിലെ പ്രശസ്തമായ പ്ലാസ് ദെ ലാ റിപ്പബ്ലിക് ഉൾപ്പെടെയുള്ള നഗരമധ്യത്തിലെ പ്രദേശങ്ങളിലും അക്രമസംഭവങ്ങളുണ്ടായി. നിരവധി കടകൾ തകർത്തു കൊള്ളയടിച്ചു. ചില പ്രതിഷേധസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതും ബിബിസി റിപ്പോർട്ട് ചെയ്തു.
പാരിസിന്റെ മധ്യഭാഗത്ത് കലാപവിരുദ്ധ പോലീസ് ജനക്കൂട്ടത്തിനുനേരെ പാഞ്ഞടുക്കുകയും നിരവധി പേരെ ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. ലിയോൺ നഗരത്തിൽ വിനോദസഞ്ചാര വിവരകേന്ദ്രത്തിന് തീയിട്ട സംഭവത്തെ നഗരത്തിന്റെ മേയർ ഗ്രിഗറി ഡൂസെറ്റ് ദുരന്തമെന്ന് വിശേഷിപ്പിച്ചു. ചരിത്രപ്രാധാന്യമുള്ളതും ഏറെ അറിയപ്പെടുന്നതുമായ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണം ഹൃദയം തകർക്കുന്നതാണെന്ന് അദ്ദേഹം ബിഎഫ്എംടിവിയോട് പറഞ്ഞു. അഗ്നിശമനസേനയ്ക്ക് സുരക്ഷിതമായി തീ അണയ്ക്കാൻ ചില അക്രമാസക്തരായ വ്യക്തികൾ തടസ്സം സൃഷ്ടിച്ചതായി പ്രാദേശിക പോലീസ് അറിയിച്ചു.
ലിമോജസിലെ നഗരസഭാ മന്ദിരത്തിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ അഗ്നിശമനസേന ഏറെ പണിപ്പെട്ടു. തീപിടിത്തത്തെത്തുടർന്ന് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണതായി പ്രാദേശിക ഭരണകൂടവും സ്ഥിരീകരിച്ചു. തെക്കുകിഴക്കൻ ഫ്രാൻസിലെ സെയ്ന്റ് എറ്റിയെന്നിൽ ചെറിയൊരു സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരു യുവാവിന്റെ കൈ തകർന്നതായി നഗരത്തിന്റെ മേയർ റെജിസ് ജുവാനിക്കോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇത്തരമൊരു ദുരന്തം ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിലെ സെക്കൻഡറി സ്കൂളുകളായ ലൈസേകളിൽ അധ്യാപകരുടെ കുറവ്, ജീർണിച്ച കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയ്ക്കെതിരെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ലക്ഷക്കണക്കിന് വിദ്യാർഥികൾ പ്രതിഷേധിക്കുന്നുണ്ട്. 15 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികളാണ് ഇത്തരം സ്കൂളുകളിൽ പഠിക്കുന്നത്. വിദ്യാർഥികൾക്കൊപ്പം തൊഴിലാളി യൂണിയനുകളും മറ്റ് പ്രതിഷേധസംഘങ്ങളും തെരുവിലിറങ്ങിയതോടെ പ്രക്ഷോഭത്തിന്റെ വ്യാപ്തി വർധിച്ചു.
2018 മുതൽ ഒരു വർഷത്തിലേറെക്കാലം ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയ ‘യെല്ലോ വെസ്റ്റ്’ പ്രസ്ഥാനവും പ്രതിഷേധത്തിൽ പങ്കാളികളായിട്ടുണ്ട്. ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും ദീർഘകാലം നീണ്ടുനിന്ന പ്രതിഷേധ പ്രസ്ഥാനങ്ങളിലൊന്നായിരുന്നു ഇത്. ശനിയാഴ്ചത്തെ പ്രതിഷേധങ്ങളിൽ മുഖംമൂടി ധരിച്ച ചിലർ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ നടത്തിയതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാരിസിന്റെ വിവിധ ഭാഗങ്ങൾക്കു പുറമേ മാർസെയ്, റെന്നസ്, തുലൂസ്, ആംഗേഴ്സ് തുടങ്ങിയ നഗരങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗ്രെനോബിൾ, അവിഞ്ഞോൺ, പോ, മോൺപെലിയർ, വാലൻസ് എന്നിവിടങ്ങളിലും കെട്ടിടങ്ങൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. പാരിസിൽ വസ്ത്രശാലകളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും കൊള്ളയടിച്ചു. ലില്ലെയിലെ ആപ്പിൾ സ്റ്റോറിൽ അതിക്രമിച്ചുകയറിയ സംഘം കടയിലെ സാധനങ്ങൾ മുഴുവൻ കൊള്ളയടിച്ചതായും റിപ്പോർട്ടുണ്ട്. ഗ്രെനോബിളിലെ നഗരമധ്യത്തിലുള്ള ഇടുങ്ങിയ തെരുവിലൂടെ ഒരു ടൂറിസ്റ്റ് ട്രെയിൻ മുഖംമൂടി ധരിച്ച ചിലർ ഓടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കുറഞ്ഞത് മൂന്ന് കലാപവിരുദ്ധ പോലീസ് ഉദ്യോഗസ്ഥർ നിൽക്കുന്ന ഭാഗത്തേക്കാണ് ട്രെയിൻ നീങ്ങുന്നതെന്ന് ബിബിസി വെരിഫൈ സ്ഥിരീകരിച്ച ദൃശ്യങ്ങളിൽ കാണാം.
പ്രതിഷേധങ്ങളും സംഘർഷങ്ങളും പതിവായ ഫ്രാൻസിൽ ഇത്തവണത്തെ സംഭവവികാസങ്ങൾ രാഷ്ട്രീയ അനിശ്ചിതത്വം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അരങ്ങേറുന്നത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കും. ഏപ്രിലിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാഷണൽ റാലി നേതാവ് മറീൻ ലെ പെന്നും തീവ്ര ഇടതുപക്ഷ നിലപാടുള്ള ലാ ഫ്രാൻസ് ഇൻസൂമീസ് പാർട്ടി നേതാവ് ജീൻ-ലൂക് മെലൻഷോണും തമ്മിലുള്ള മത്സരത്തിന് സാധ്യതയുണ്ടെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധങ്ങളിൽ പങ്കെടുത്ത മെലൻഷോൺ, പ്രതിഷേധക്കാർക്കെതിരെ പോലീസ് അതിക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ചു. അതേസമയം, കടകൾ കൊള്ളയടിക്കുന്നതിനെയും കെട്ടിടങ്ങൾക്ക് തീയിടുന്നതിനെയും അദ്ദേഹം അപലപിച്ചു. എന്നാൽ മെലൻഷോണിന്റെ പ്രസ്താവനകൾ അപകടകരവും കാപട്യം നിറഞ്ഞതുമാണെന്ന് പ്രധാനമന്ത്രി ലെകോർണു വിമർശിച്ചു. പ്രതിഷേധത്തിനിടെ പോലീസ് അതീവ തീവ്രതയുള്ള അക്രമമാണ് നേരിട്ടതെന്നും ചില സംഘങ്ങൾ വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി പ്രതിഷേധങ്ങളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അക്രമത്തിലൂടെ ആരെയും സ്വന്തം രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിഷേധക്കാരുടെ ന്യായമായ ആവശ്യങ്ങൾ തീവ്ര ഇടതുപക്ഷം തടവിലാക്കിയിരിക്കുകയാണെന്ന് മറീൻ ലെ പെൻ ആരോപിച്ചു. അക്രമം ആളിക്കത്തിക്കുന്നതിൽ മെലൻഷോണിന് പങ്കുണ്ടെന്നും അവർ കുറ്റപ്പെടുത്തി. അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി. പ്രിഫെക്ചർ ഓഫീസുകൾ, വ്യാപാരസ്ഥാപനങ്ങൾ, നഗരസഭാ മന്ദിരങ്ങൾ എന്നിവ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.