ബെംഗളൂരു: നെലമംഗല വീരാഞ്ജനപുരയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു. തിരുവല്ല മഞ്ഞാടി തൈമലയിൽ അജി സക്കറിയയുടെ മകൾ അലീന അന്നമ്മ സക്കറിയ (23) ആണ് മരിച്ചത്. ബെംഗളൂരുവിലെ എം.ജി. റോഡിലുള്ള സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു.
തുമക്കൂരു ദേവരായനദുർഗ മലയിൽ ട്രക്കിങ് കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച ഉച്ചയോടെ ബൈക്കിന് പിന്നിൽ ട്രക്കിടിക്കുകയായിരുന്നു. അപകടത്തിൽ അലീനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.
ബെംഗളൂരുവിലെ ഇന്ദിരാനഗറിലുള്ള പി.ജിയിലായിരുന്നു അലീന താമസിച്ചിരുന്നത്. മാതാവ് ആശ അജി. സഹോദരൻ അജിൻ സക്കറിയ.
കേരള സമാജം നെലമംഗല, സമന്വയ എജുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകരുടെ സഹായത്തോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം നെലമംഗല ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.