ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഷീതള മാതാ ക്ഷേത്രത്തിന് സമീപം തീർഥാടകർക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി 12 പേർ മരിച്ചു. 39 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി വൈകിയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. പൊലീസിന്റെ ബാരിക്കേഡുകളും ചെക്ക്പോസ്റ്റും തകർത്തു മുന്നോട്ടുപോയ ട്രക്ക് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലും പുറംമതിലിലും ഇടിച്ചാണ് നിന്നത്. ഗ്വാളിയോർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ധർമ്മവീർ സിങ്ങിന്റെ വിവരമനുസരിച്ച്, ഞായറാഴ്ച പുലർച്ചെ 1.30ഓടെയാണ് അപകടം ഉണ്ടായത്.
ചിനോർ ഭാഗത്തുനിന്ന് നെല്ല് കയറ്റി വരികയായിരുന്ന ട്രക്ക് കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഭാര വാഹനങ്ങൾക്ക് നിയന്ത്രണമുള്ള പാതയിലൂടെയാണ് ട്രക്ക് എത്തിയതെന്നാണ് വിവരം.
നവരാത്രിയോടനുബന്ധിച്ച് ഷീതള മാതാ ക്ഷേത്രത്തിലേക്ക് നിരവധി തീർഥാടകർ എത്തുന്ന സമയത്തായിരുന്നു അപകടം. റോഡിൽ സ്ഥാപിച്ചിരുന്ന പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുപോയ ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലുണ്ടായിരുന്ന തീർഥാടകരുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിന്റെ പുറംമതിലിലും കവാടത്തിലും ഇടിച്ചുനിന്നു.
ചിനോർ ഭാഗത്തുനിന്നുള്ള റോഡിൽ കുത്തനെയുള്ള ഇറക്കമുള്ളതിനാൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നുവെന്ന് ധർമ്മവീർ സിങ് പറഞ്ഞു. പുലർച്ചെ 1.30ഓടെ നെല്ല് കയറ്റിയ ട്രക്ക് അവിടെ തടഞ്ഞുനിർത്തിയിരുന്നെങ്കിലും പൊലീസ് ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടുപോയ വാഹനം പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പാഞ്ഞിറങ്ങുകയായിരുന്നു. റോഡിലുണ്ടായിരുന്ന തീർഥാടകർ വാഹനത്തിനടിയിൽപ്പെട്ടാണ് മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് ചികിത്സ നൽകിവരികയാണ്.
അപകടത്തെത്തുടർന്ന് 39 പേരെ ആശുപത്രിയിലെത്തിച്ചതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. ഇവരിൽ 12 പേർ മരിച്ചതായാണ് അദ്ദേഹത്തിന്റെ കണക്ക്. അഞ്ചോ ആറോ പേരുടെ നില ഗുരുതരമാണ്. ഒടിവുകൾ ഉൾപ്പെടെയുള്ള പരിക്കുകളാണ് ഇവർക്കുള്ളത്. മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളാണെന്നും ചികിത്സ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഗ്വാളിയോർ ജില്ലാ കലക്ടർ രുചിക ചൗഹാനും അപകടത്തെക്കുറിച്ച് വിശദീകരിച്ചു. പുലർച്ചെ 1.30ഓടെ ചിനോർ ഭാഗത്തുനിന്ന് ക്ഷേത്രത്തിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് തുടർച്ചയായി ഇടതുവശത്തേക്ക് തിരിയുന്നതായി വിവരം ലഭിച്ചയുടൻ രക്ഷാപ്രവർത്തനത്തിനായി ആംബുലൻസുകളും മറ്റു വാഹനങ്ങളും അയച്ചതായി അവർ പറഞ്ഞു. അപകടത്തിൽ 11 പേർ മരിച്ചതായും അഞ്ചോ ആറോ പേരുടെ നില ഗുരുതരമാണെന്നും ഏകദേശം 29 പേർക്ക് വിവിധ തരത്തിലുള്ള പരിക്കുകൾ സംഭവിച്ചതായും കലക്ടർ അറിയിച്ചു. മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ കണക്കുകളിൽ വ്യത്യാസമുണ്ട്.
നവരാത്രി കണക്കിലെടുത്ത് റോഡിൽ തടസ സംവിധാനവും പൊലീസ് ചെക്ക്പോസ്റ്റും സ്ഥാപിച്ചിരുന്നതായി കലക്ടർ വ്യക്തമാക്കി. എന്നിട്ടും ട്രക്ക് എങ്ങനെയാണ് ബാരിക്കേഡുകൾ മറികടന്ന് ക്ഷേത്രത്തിന് സമീപം എത്തിയത് എന്നത് അന്വേഷിച്ചുവരികയാണ്. വാഹനത്തിന് സംഭവിച്ച തകരാറുകളെക്കുറിച്ച് പരിശോധിക്കാൻ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനായി ആശുപത്രിയിൽ സിടി സ്കാനുകളും എക്സ്റേ പരിശോധനകളും തുടർച്ചയായി നടത്തുന്നുണ്ടെന്നും കലക്ടർ അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ ഒരാളുടെ സഹോദരനായ ദൃക്സാക്ഷി, ട്രക്ക് അമിതമായി ചരക്ക് കയറ്റിയ നിലയിലായിരുന്നുവെന്ന് പറഞ്ഞു. അപ്രതീക്ഷിതമായി പാഞ്ഞെത്തിയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കടകൾക്കും ആളുകൾക്കും മുകളിലൂടെ കയറിയിറങ്ങിയെന്നും നിരവധി പേർ സംഭവസ്ഥലത്തുതന്നെ മരിക്കുന്നത് കണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ സഹോദരനും പരിക്കേറ്റതായും അപകടസ്ഥലത്ത് ഇപ്പോഴും പരിഭ്രാന്തി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ട്രക്ക് ക്ഷേത്രത്തിന് സമീപം എത്തിയ സാഹചര്യം പരിശോധിക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.