തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയന്റെ വസതിയിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാതൃകാപരമായി ജീവിക്കുന്നവരെ കുറ്റവാളികളാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബി ജെ പിയുടെ താളത്തിനൊത്ത് തുള്ളുകയാണ് ഇ ഡി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയനോട് ഇ ഡി പെരുമാറുന്നത് പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണെന്ന് ഗോവിന്ദൻ വിമർശിച്ചു. വീട്ടിലെ ചുമരിൽ സമൻസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്നും അപമാനിക്കുകയാണ് ഇതിലൂടെ ഇ ഡി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനിലൂടെ സി പി എമ്മിനെ ലക്ഷ്യമിടാനാണ് ഇ ഡി ശ്രമിക്കുന്നതെന്നും നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സമൻസ് പുറപ്പെടുവിച്ചത്. പിണറായി വിജയനും കുടുംബാംഗങ്ങളും വീട്ടിലില്ലാത്ത സമയത്താണ് ഉദ്യോഗസ്ഥർ എത്തി നോട്ടീസ് പതിപ്പിച്ചത്. ഇ മെയിൽ വഴി നോട്ടീസ് അയച്ചിരുന്നെങ്കിലും കൈപ്പറ്റിയതായി മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വസതിയിലെത്തി നോട്ടീസ് പതിച്ചതെന്നാണ് ഇ ഡിയുടെ വിശദീകരണം. പി എം എൽ എ നിയമപ്രകാരം നോട്ടീസ് സ്വീകരിക്കാൻ വിസമ്മതിച്ചാൽ താമസസ്ഥലത്ത് പതിപ്പിക്കാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.