ബംഗളുരു: ആശുപത്രികളിലെ ചികിത്സയിൽ മരുന്നുകളുടെയും ഉപകരണങ്ങളുടെയും കൊള്ളലാഭം നിയന്ത്രിക്കാൻ നടപടിയുമായി കർണാടക സർക്കാർ. അത്തരം വസ്തുക്കളുടെ അടിസ്ഥാനവിലകൂടി രോഗികളുടെ ബില്ലിൽ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ഉത്തരവ്. ആശുപത്രികൾക്കും ഫാർമസികൾക്കും ഇവ ലഭിക്കുന്നവിലയും അവയിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറ വിൽപ്പനവിലയും തമ്മിൽ വലിയ അന്തരം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു നടപടി.
പല സന്ദർഭത്തിലും വാങ്ങൽവിലയിൽനിന്ന് ഏറെ ഉയർന്ന വിൽപ്പനവിലയോ അതിനോടടുത്ത നിരക്കോ ആണ് രോഗികളിൽനിന്ന് ഈടാക്കുന്നത്. വിലയിലെ സുതാര്യത ഉറപ്പാക്കാനും രോഗികളുടെ താത്പര്യം സംരക്ഷിക്കാനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആശുപത്രികൾ രോഗികൾക്കു നൽകുന്ന ബില്ലിൽ വാങ്ങിയ വിലയും ചില്ലറവിൽപ്പന വിലയും വ്യക്തമായി കാണിക്കണം. ഇതിനുപുറമേ, ഓരോ ക്ലിനിക്കൽ സ്ഥാപനവും നൽകുന്ന സേവനങ്ങളുടെയും ലഭ്യമായ സൗകര്യങ്ങളുടെയും നിരക്ക് കന്നഡയിലും ഇംഗ്ലീഷിലും കാണാവുന്നിടത്തു പ്രദർശിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
കാലാകാലങ്ങളിൽ സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന നിരക്കുകളുടെ പരിധിക്കുള്ളിലാകണം ഇവ. വ്യവസ്ഥകൾ ലംഘിച്ചാൽ പിഴ, രജിസ്ട്രേഷൻ റദ്ദാക്കൽ എന്നിവയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.
നിലവിലെ രീതിയിൽ ഉത്പാദനച്ചെലവ്, ഗതാഗതച്ചെലവ്, കാലാവധി തീരുന്നതിലെ നഷ്ടം, പ്രചാരണച്ചെലവ് തുടങ്ങിയവയെല്ലാം മരുന്നിന്റെ അടിസ്ഥാനവില നിശ്ചയിക്കുന്നതിൽ ഉൾപ്പെടും. മൊത്തവിതരണക്കാർക്ക് നിശ്ചിത കമ്മിഷൻ വ്യവസ്ഥയിലാണു കമ്പനി മരുന്നുനൽകുക. അവിടെനിന്നു കമ്മിഷൻവ്യവസ്ഥയിൽ ചില്ലറവിൽപ്പനയ്ക്കു നൽകും. മൊത്തവിതരണക്കാർക്കു 10 ശതമാനവും ചില്ലറവിൽപ്പനക്കാർക്ക് 20 ശതമാനവുമാണ് നിയമപ്രകാരമുള്ള കമ്മിഷൻ. വിലനിയന്ത്രണമുള്ള മരുന്നിന് ഇത് യഥാക്രമം എട്ടും പതിനാറും ശതമാനമാണ്. പലപ്പോഴും ഇതിനെക്കാൾ ഉയർന്ന കമ്മിഷനാണ് പലതലങ്ങളിലും ഈടാക്കുന്നതെന്നാണ് സർക്കാർ ഏജൻസികളുടെതന്നെ കണ്ടെത്തൽ.