തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസുകാരന്റെ നേതൃത്വത്തിൽ 52.89 ലക്ഷം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടത്തിയതായി കേസ്. മണ്ണന്തല പോലീസ് സ്റ്റേഷനിലെ പോലീസുകാരനായ അഖിൽ രാജിനെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് സഹായിച്ചെന്ന കേസിൽ കാനറ ബാങ്കിലെ അപ്രൈസർ വിജയകുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു.
അഖിൽ രാജ്, ഭാര്യ അനഘ, അമ്മ എന്നിവർ ചേർന്ന് നാലാഞ്ചിറയിലെ കാനറ ബാങ്കിൽ വിവിധ ദിവസങ്ങളിലായി മുക്കുപണ്ടം പണയംവെച്ചാണ് ലക്ഷങ്ങൾ തട്ടിയെടുത്തതെന്നാണ് കേസ്. ബാങ്കിലെ അപ്രൈസറായ വിജയകുമാറിനെ സ്വാധീനിച്ച് മുക്കുപണ്ടം സ്വർണമാണെന്ന് സാക്ഷ്യപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു.
ബാങ്കിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അഖിൽ രാജിന് റമ്മി കളിക്കുന്ന ശീലമുണ്ടായിരുന്നുവെന്നും കൈവശമുണ്ടായിരുന്ന സമ്പാദ്യം തീർന്നതോടെ പണം കണ്ടെത്താൻ കുടുംബാംഗങ്ങൾക്കൊപ്പം തട്ടിപ്പ് ആസൂത്രണം ചെയ്തെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ. തട്ടിയെടുത്ത പണം റമ്മി കളിക്കാനാണ് ഉപയോഗിച്ചതെന്നും പോലീസ് പറയുന്നു.
മാർച്ചിൽ മുക്കുപണ്ടം പണയംവെച്ച് 18 ലക്ഷം രൂപയും ജൂലൈയിൽ 20 ലക്ഷം രൂപയും മറ്റൊരു ദിവസം 14 ലക്ഷം രൂപയും തട്ടിയെടുത്തതായാണ് കേസ്. ആകെ 52,89,000 രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി. സംഭവത്തിൽ ഒക്ടോബർ ആറിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.