പാലക്കാട് : നെടുമ്പാശ്ശേരി മൂന്നുപേരുടെ മരണത്തിനിടയാക്കി മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് മരിച്ച ഗോപികയുടെ മാതാപിതാക്കള്‍. ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത പ്രതി സുഹൈല്‍ സജീവിനെ ജുവനൈല്‍ ഹോമിലേക്കാണ് അയച്ചത്. അതുകൊണ്ടുതന്നെ നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്ന് ഗോപികയുടെ അച്ഛന്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ക്ക് നീതി നിഷേധിക്കപ്പെടുമെന്ന് ഭയമുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഗോപികയുടെ അമ്മയും പറഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ട്. മുകളില്‍ നിന്നും അവര്‍ക്ക് സമ്മര്‍ദ്ദം നേരിടുന്നു എന്നു പറയപ്പെടുന്നുണ്ട്. അതൊക്കെ നീതി ലഭിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നാണ് കരുതുന്നത്. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍പ്പെടുന്ന ആളുകളാണ് പ്രതിയും പ്രതിയുടെ കുടുംബവും എന്നാണ് താന്‍ മനസ്സിലാക്കുന്നത്.
അത്തരത്തിലുള്ള എല്ലാ സ്വാധീനവും ഇവര്‍ ഉപയോഗിച്ചേക്കാം. അതുകൊണ്ടായിരിക്കാം അപകടശേഷവും എല്ലാം ബാപ്പ നോക്കിക്കോളുമെന്ന് സുഹൈല്‍ സജീവ് പറഞ്ഞതെന്നും ഗോപികയുടെ അച്ഛന്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഗോപികയേയും ഞങ്ങളേയും താറടിച്ചുകൊണ്ടുള്ള പ്രചാരണം നടക്കുന്നുണ്ട്. കെഎംഎം കോളജില്‍ വൈസ് ചെയര്‍പേഴ്‌സണായിരുന്നു ഗോപിക. അഞ്ചുവര്‍ഷത്തോളം എന്‍എസ്എസ് വളണ്ടിയര്‍ ആയിരുന്നു. സാമൂഹികപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ്. ഞങ്ങളുടെ കുടംബത്തെപ്പറ്റി ഏതെങ്കിലും തരത്തിലുള്ള അപവാദം ഉണ്ടോയെന്ന് നാട്ടില്‍ വിളിച്ചു ചോദിച്ചു നോക്കൂ. ഞങ്ങളെ താറടിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ ശ്രമമെന്നും ഗോപികയുടെ അച്ഛന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ഇത്തരം അപവാദപ്രചാരണങ്ങള്‍ക്ക് പിന്നില്‍ നേതാക്കളാണുള്ളത്. ഇതെല്ലാം നീതി ലഭിക്കുന്നതിന് തടസ്സമാണ്. നേതാക്കൾ മാന്യത കാണിക്കണമെന്നും ഗോപികയുടെ പിതാവ് ആവശ്യപ്പെട്ടു. കേസില്‍ സുഹൈല്‍ സജീവ് മദ്യപിച്ചതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. അമിതമായി മദ്യപിച്ച് മൂന്നുപേരെ വാഹനം ഇടിപ്പിച്ച് കൊന്നുകളഞ്ഞ സംഭവത്തില്‍, മദ്യപിച്ചിരുന്നു എന്ന് ആദ്യ എഫ്‌ഐആറില്‍ കൊടുത്തിട്ടില്ല.
എന്ത് അടിസ്ഥാനത്തിലാണ് പ്രതിയെ ജൂവനൈൽ ഹോമില്‍ പാര്‍പ്പിച്ചത്?. രാവിലെ ആറേമുക്കാലിന് നെടുമ്പാശേരി പൊലീസ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ പ്രതി സുഹൈല്‍ സജീവ് ലോക്കപ്പില്‍ മലര്‍ന്ന് കിടക്കുകയായിരുന്നു. സിഐ വിളിച്ച് എഴുന്നേല്‍പ്പിക്കുമ്പോള്‍ പോലും നല്ല പൂസാണെന്ന് സിഐ പറയുന്നത് തന്റെ ബന്ധുക്കള്‍ കേട്ടതാണെന്നും ഗോപികയുടെ അച്ഛന്‍ വെളിപ്പെടുത്തി.