ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രാണവായുവായ ജനാധിപത്യം വീണ്ടെടുക്കാനുള്ള പോരാട്ടമാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. എന്ത് ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും സമരവീര്യത്തെ അത് പിന്നോട്ട് കൊണ്ടുപോകില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്‌റെ ഏറ്റവും നിര്‍ണായക ദിനമാണെന്നും ഡല്‍ഹി ഇന്ന് പ്രക്ഷോഭത്തില്‍ അമരുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ എല്ലാ നേതാക്കന്മാരോടും എത്താന്‍ പറഞ്ഞിട്ടുണ്ടെന്നും ഇന്‍ഡ്യ ബ്ലോക്കിലെ എംപിമാരെല്ലാം സമരത്തില്‍ പങ്കെടുക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു. എന്താരോഗ്യപ്രശ്‌നമുണ്ടെങ്കിലും സമരവീര്യത്തെ പിന്നോട്ട് കൊണ്ടുപോകില്ല. ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്‌റെ ഏറ്റവും നിര്‍ണായക ദിനമാണ്. ഡല്‍ഹി ഇന്ന് പ്രക്ഷോഭത്തില്‍ അമരും. ഞങ്ങളുടെ എല്ലാ നേതാക്കന്മാരോടും എത്താന്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡ്യ ബ്ലോക്കിലെ എംപിമാര്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് എന്നെ പിടിച്ചുകൊണ്ടുപോയത്.
ഞാന്‍ സമരത്തില്‍ പങ്കെടുത്തതല്ല. എംപിയായ ഒരാള്‍ക്ക് ഡല്‍ഹി തെരുവില്‍ നിന്ന് കേവലം മാധ്യമങ്ങളോട് സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ പിന്നെ എന്തിനാണ് എംപിയാണെന്ന് പറഞ്ഞ് നടക്കുന്നത്. ഡല്‍ഹി പൊലീസിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് പാകിസ്താനോ ചൈനയോ ഒന്നുമല്ല ശത്രുക്കള്‍. അവിടത്തെ അതിര്‍ത്തികളില്‍ നില്‍ക്കേണ്ട അതിര്‍ത്തി സേനകളെയാണ് ഡല്‍ഹിയില്‍ വിന്യച്ചിരിക്കുന്നത്. അവര്‍ക്ക് ശത്രുക്കള്‍ ഈ കുട്ടികളാണ്, ഈ ചെറുപ്പക്കാരാണ്. എന്‌റെ ഇപ്പോഴത്തെ രോഷം സുപ്രീം കോടതിയോട് കൂടിയാണ്. ജനാധിപത്യം ഈ തെരുവില്‍ വളഞ്ഞുവെച്ച് ആക്രമിക്കപ്പെടുമ്പോള്‍ തൊട്ട് വിളിപ്പാടകലെയുള്ള സുപ്രീം കോടതി ജഡ്ജിമാര്‍ എന്താണ് ചെയ്യുന്നത്. ഇന്ത്യന്‍ ജനാധിപത്യം തടവിലാകുമ്പോള്‍ ആ ജനാധിപത്യത്തെ മോചിപ്പിക്കണമെന്ന് അവര്‍ക്ക് തോന്നാത്തതെന്തുകൊണ്ടാണ്.
ഗ്യാനേഷ് കുമാര്‍ ജനങ്ങളേക്കാള്‍ വലിയ ആളാകുന്നത് എങ്ങനെയാണ്? സുപ്രീം കോടതിക്ക് ഉത്തരവാദിത്തമില്ലേ. ഇങ്ങനെ പോകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഇതില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയപരമായ വ്യത്യാസങ്ങളുണ്ട്. അതൊന്നും ഇവിടെ വിഷയമല്ല. ജനാധിപത്യമാണ് നമ്മുടെ ജീവവായു’, അദ്ദേഹം പറഞ്ഞു. നിഷ്പക്ഷത പാലിച്ച് നിശബ്ദരായിരിക്കുന്നവരോടും അദ്ദേഹം പ്രതികരിച്ചു. ഈ നിശബ്ദതയുടെ ആഡംബരം അധിക നാൾ നിൽക്കില്ല. തങ്ങളുടെ ശബ്ദവും പ്രതിഷേധവും രോഷവുമാണ് നിങ്ങളുടെ നിശബ്ദതയുടെ ലക്ഷ്വറി എന്ന് തിരിച്ചറിയണം. നിഷ്പക്ഷതയും നിശബ്ദതയുമല്ല ഇപ്പോൾ ഇന്ത്യയ്ക്ക് വേണ്ടതെന്നും ജോൺ ബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു.










































