ആലുവ: അമിത വേഗത്തിലെത്തിയ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് മർദ്ദനം. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച ശേഷം പോലീസ് സുഹൈലിനെ തിരികെ കൊണ്ടുപോകുന്ന ഘട്ടത്തിലാണ് ആക്രമണം നടന്നത്.
ഇതിനിടെ നാട്ടുകാർ പെട്ടെന്ന് ചുറ്റും കൂടുകയും ‘നിന്റെ വാപ്പ എവിടേടാ, എവിടെയാടാ നിന്റെ തന്ത’ എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. ആദ്യം അടിക്കാൻ ശ്രമിച്ചയാളെ പോലീസ് തടുത്തു. പിന്നീട് ആശുപത്രിയുടെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ വശത്തു നിന്ന് ഒരാൾ നടത്തിയ ആക്രമണം സുഹൈലിന്റെ മുഖത്ത് ശരിക്ക് കൊണ്ടു. മുഖം പൊത്തിയാണ് പിന്നീട് സുഹൈൽ നടന്നത്. ഇതോടെ ഇയാളെ പോലീസ് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതേസമയം ആക്രമണം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ‘കസ്റ്റഡിയിലിരിക്കുന്ന പ്രതിയെ അടിക്കാറായോടാ’ എന്ന് ചോദിച്ച് കോളറിനു പിടിച്ച് പോലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. നെടുമ്പാശ്ശേരിയിലേക്ക് കൂട്ടുകാരെ കൂട്ടാനായി യാത്ര ചെയ്യുകയായിരുന്നു സുഹൈൽ സജീവ് എന്നാണ് അറിയുന്നത്. യാത്രയ്ക്കിടയിൽ മൂന്ന് ബാറുകളിൽ കയറി പ്രതി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഇഹാ ഡിസൈന്സിന്റെ ഉടമ നൂഹ സജീവിന്റെയും സജീവ് ജമാലിന്റെയും മകനാണ് സുഹൈൽ സജീവ്.
മൂന്നുപേരുടെ ദാരുണമരണ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ് സുഹൈൽ സജീവിനെതിരെ നടക്കുന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സുഹൈൽ അപകടമുണ്ടാക്കിയത്. ഇയാൾ ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ അതിവേഗതയിൽ ചെന്നിടിക്കുകയായിരുന്നു. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു.
അതേസമയം സുഹൈൽ സജീവിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മരിച്ച ഗോപികയുടെ പോസ്റ്റ്മോർട്ടം അങ്കമാലി എൽഎഫ് ആശുപത്രിയിലാണ് നടക്കുക. ഇയാസ്, ദേവിക എന്നിവരുടെ പോസ്റ്റ്മോർട്ടം ആലുവ ജില്ലാ ആശുപത്രിയിലും നടക്കും. പോസ്റ്റ്മോർട്ടം നടപടികൾ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
തൃക്കാക്കരയിലെ ആന്റിക് ഷോപ്പിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്നവരാണ് കൊല്ലപ്പെട്ട മൂന്നു പേരും. ഇവർ ജോലി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് സുഹൈൽ സജീവ് കാറിടിച്ച് കൊലപ്പെടുത്തിയത്. ഇവർക്കൊപ്പം മറ്റ് രണ്ട് ബൈക്കുകളിൽ മറ്റ് കൂട്ടുകാരും ഉണ്ടായിരുന്നു. എല്ലാവരും പഠനാവശ്യത്തിനായി പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.
യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ!! അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്









































