ചെന്നൈ: സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടുന്നുവെന്ന് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു. കൊളീജിയം സംവിധാനത്തിന് പകരമായി മോദി നേരിട്ടാണ് ജഡ്ജിമാരെ നിയമിക്കുന്നതെന്നും ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻ.ജെ.എ.സി.) റദ്ദാക്കിയശേഷം സർക്കാർ നിയമനത്തിനായി മറ്റ് വഴികൾ കണ്ടെത്തിയെന്നും അദ്ദേഹം ആരോപിച്ചു. ചെന്നൈയിൽ ഏഷ്യൻ കോളേജ് ഓഫ് ജേണലിസം സംഘടിപ്പിച്ച ‘ഹു വിൽ ജഡ്ജ് ദ ജഡ്ജസ്’ എന്ന ചർച്ചാസമ്മേളനത്തിലായിരുന്നു പരാമർശം.
2014ൽ അധികാരത്തിലെത്തിയ മോദി സർക്കാർ ജഡ്ജിമാരുടെ നിയമനത്തിനായി ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ രൂപീകരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഈ സംവിധാനം സുപ്രീം കോടതി റദ്ദാക്കി. അതിനുശേഷം എൻ.ജെ.എ.സി.യെക്കാൾ കൂടുതൽ നേട്ടമുണ്ടാക്കുന്ന മറ്റ് മാർഗങ്ങൾ സർക്കാർ കണ്ടെത്തിയതിനാലാണ് കമ്മിഷൻ പുനഃസ്ഥാപിക്കാൻ ശ്രമിക്കാത്തതെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.
ഭരണഘടനയിൽ നേരിട്ട് പരാമർശമില്ലാത്ത കൊളീജിയം സംവിധാനം സുതാര്യതയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ജഡ്ജിമാരുടെ നിയമനത്തിലെ നടപടിക്രമങ്ങൾ രാജ്യത്തെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നാണെന്നും അദ്ദേഹം വിമർശിച്ചു. നിലവിൽ സുപ്രീം കോടതിയിൽ 38 ജഡ്ജിമാരും വിവിധ ഹൈക്കോടതികളിലായി ആയിരത്തോളം ജഡ്ജിമാരുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തും, പ്രത്യേകിച്ച് ജനാധിപത്യ രാജ്യങ്ങളിൽ, ജഡ്ജിമാർ തന്നെ ജഡ്ജിമാരെ നിയമിക്കുന്ന രീതി നിലവിലില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചർച്ചയിൽ ഒഡിഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മുരളീധർ, സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ, മുൻ ജഡ്ജി ജസ്റ്റിസ് കെ. കണ്ണൻ, മുതിർന്ന അഭിഭാഷക ആർ. വൈഗെ എന്നിവരും പങ്കെടുത്തു.
സുപ്രീം കോടതിയിലേക്ക് ഉയർത്താൻ അനുയോജ്യയായ ഒരു വനിതാ ജഡ്ജിയെപ്പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യം മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ കാലത്തുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി, കോടതികളിലെ വൈവിധ്യക്കുറവിനെക്കുറിച്ചും ജസ്റ്റിസ് മുരളീധർ വിമർശനം ഉന്നയിച്ചു.









































