തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ വരാമെന്ന ബി.ജെ.പിയുടെ സ്വപ്നം ഒരിക്കലും പൂവണിയാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തിന്റെ ശക്തമായ മതേതര സ്വഭാവം ബി.ജെ.പിയുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾക്ക് എപ്പോഴും തടസ്സമായി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആർ.എസ്.എസോ മതേതരത്വത്തിൽ വിശ്വസിക്കുന്ന കോൺഗ്രസിന് ഒരു വലിയ ഭീഷണിയേ അല്ലെന്നും അദ്ദേഹം തുറന്നടിച്ചു. നിയമസഭയിൽ മൂന്ന് സീറ്റുകൾ നേടിയതും തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചതും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാനത്ത് സ്വാധീനം ഉറപ്പിച്ചെന്ന വാദത്തെയും മുഖ്യമന്ത്രി തള്ളി.
ഇത് കേരള രാഷ്ട്രീയത്തിലെ വലിയ മാറ്റത്തിന്റെ സൂചനയല്ലെന്നും, അന്നത്തെ ഭരണകക്ഷിയായിരുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ പരാജയങ്ങളും ഇരുപാർട്ടികളും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുമാണ് ബി.ജെ.പിക്ക് ഈ നേട്ടം സമ്മാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളിത്തളികയിൽ വെച്ച് സി.പി.എം ബി.ജെ.പിക്ക് നൽകിയ സമ്മാനമായിരുന്നു ആ വിജയങ്ങളെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ചേരിതിരിവുകൾ ഉണ്ടാക്കാൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര മനസ്സ് തകർക്കാൻ ആർക്കും കഴിയില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു,










































