ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്റെ നടപടികൾക്കെതിരെ ഡൽഹിയിൽ പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിനിടെ കസ്റ്റഡിയിലായ കോക്രോച്ച് ജനതാ പാർട്ടി ദേശീയ കൺവീനർ അഭിജീത്ത് ദീപ്‌കെ 24 മണിക്കൂർ നീണ്ട തടങ്കലിൽ നിന്ന് മോചിതനായി.
മോചനത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ദീപ്‌കെ പ്രതികരിച്ചത്. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി ഇന്ത്യക്ക് തന്നെ അപമാനമാണെന്നും ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിനുള്ളിൽ കയറി പോലീസ് കസ്റ്റഡിയിലെടുത്ത ദീപ്‌കെയ്‌ക്കൊപ്പം സി.ജെ.പി സഹ-കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്ന് വിട്ടയച്ചു.
ഒരു വർഷത്തേക്ക് സമാധാനലംഘനം നടത്തരുത് എന്ന വ്യവസ്ഥയിലാണ് ഇവരെ മോചിപ്പിച്ചതെന്ന് സി.ജെ.പി ലീഗൽ സെൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10.18-ന് എത്തിയ എ.ഐ 2428 വിമാനം പ്രത്യേകമായി റിമോട്ട് ബേയിലേക്ക് മാറ്റിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്.






