ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധങ്ങൾക്കിടെ പ്രതിഷേധക്കാർക്കും മാധ്യമപ്രവർത്തകർക്കും നേരെ ആക്രമണവും ഭീഷണിയും. ശനിയാഴ്ച കൊണാട്ട് പ്ലേസിലും മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (എംസിഡി) സിവിക് സെന്ററിന് സമീപവുമാണ് വലതുപക്ഷ സംഘടനകളിൽപ്പെട്ടവരെന്ന് അവകാശപ്പെട്ട സംഘങ്ങൾ പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചതായി റിപ്പോർട്ടുകളും വീഡിയോകളും പുറത്തുവന്നു. പ്രതിഷേധം തടയുന്നതിനായി തലസ്ഥാനത്തിന്റെ മധ്യഭാഗത്ത് 25,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കെയാണ് സംഭവങ്ങൾ.
ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ പാലിക ബസാറിന് സമീപം ബജ്റംഗ്ദൾ പ്രവർത്തകരാണെന്ന് അവകാശപ്പെട്ട 30ലധികം പേരടങ്ങിയ സംഘം മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സി.ജെ.പിക്ക് വേണ്ടി മാധ്യമങ്ങൾ വ്യാജവാർത്തകൾ നൽകുകയാണെന്നും മാധ്യമപ്രവർത്തകർക്കെതിരെ ആയുധങ്ങൾ ഉപയോഗിക്കാൻ ഡൽഹി പോലീസിന് കഴിയാത്തതിനാൽ തങ്ങൾ പോലീസിനെ സംരക്ഷിക്കുമെന്നും സംഘത്തിലൊരാൾ വിളിച്ചുപറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ പോലീസ് അക്രമി സംഘത്തെ ഓടിച്ചുവിട്ടു. അരമണിക്കൂറിന് ശേഷം ഇവരിൽ ചിലരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.
കൊണാട്ട് പ്ലേസിൽ പോലീസിന്റെ സാന്നിധ്യത്തിൽത്തന്നെ നിരവധി പേർ പ്രതിഷേധക്കാരെ മർദിക്കുന്നതായി കണ്ടുവെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടർമാർ വ്യക്തമാക്കി. സംഭവങ്ങൾ മാധ്യമപ്രവർത്തകർ നേരിട്ട് കണ്ടതായും റിപ്പോർട്ടിൽ പറയുന്നു.
എംസിഡി സിവിക് സെന്ററിന് സമീപം പ്രതിഷേധക്കാരും ഹിന്ദുസ്ഥാൻ രക്ഷാ ദൾ പ്രവർത്തകരാണെന്ന് അവകാശപ്പെട്ട സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അക്രമാസക്തമായി. തെരുവിലുണ്ടായിരുന്ന സ്ത്രീകളെയും പുരുഷന്മാരെയും സംഘം വലിച്ചിഴയ്ക്കുകയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മണിക്കൂറുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഹിന്ദുസ്ഥാൻ ടൈംസ് സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു വീഡിയോയിൽ പ്രതിഷേധക്കാരെ അടിക്കുകയും ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നത് കാണാം. രണ്ട് പുരുഷന്മാർ ചേർന്ന് ഒരു യുവതിയെ വലിച്ചിഴച്ച് മർദിക്കുന്നതും വിഡിയോയിലുണ്ട്. പിന്നീട് യുവതിയുടെ സഹോദരി ഇടപെട്ട് അവരെ അക്രമികളിൽനിന്ന് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.
“എന്നെ രക്ഷിക്കാൻ ആരും വന്നില്ല. ഡൽഹി പോലീസ് എല്ലാം കണ്ടുനിന്നു,” എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്.
എന്നാൽ യുവതിയെ പോലീസ് രക്ഷപ്പെടുത്തിയെന്നും ആവശ്യമായ സഹായം നൽകിയെന്നും അക്രമികളെ സ്ഥലത്തുനിന്ന് മാറ്റിയെന്നും മുതിർന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്ത് അക്രമികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല.
കൊണാട്ട് പ്ലേസിന് സമീപത്തുനിന്ന് ചിത്രീകരിച്ചതെന്ന് കരുതുന്ന മറ്റൊരു വീഡിയോയിലും പ്രതിഷേധക്കാരനെ ആക്രമിക്കുന്നത് കാണാം. ലോഹംകൊണ്ടുള്ള അഗ്രം കൂർത്ത ഉപകരണം കൊണ്ട് ഒരാളെ മർദിക്കുകയും അയാളുടെ ടി-ഷർട്ട് വലിച്ചുകീറുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതിനിടെ, പോലീസിന്റെയും വലതുപക്ഷ സംഘങ്ങളുടെയും ആക്രമണം നേരിട്ടതായി ഷഹ്ദാര സ്വദേശിയായ 21കാരനായ മാധ്യമവിദ്യാർഥി വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച യുവാവ് ഗുരുദ്വാര ബംഗ്ലാ സാഹിബിൽ അഭയം തേടിയിരിക്കുകയായിരുന്നു.
താനും രണ്ട് സുഹൃത്തുക്കളും പോലീസിൽനിന്നും വലതുപക്ഷ സംഘങ്ങളിൽനിന്നും ആക്രമണം നേരിട്ടതായി യുവാവ് പറഞ്ഞു. കഴിഞ്ഞ രാത്രി മുതൽ ഈ സംഘങ്ങൾ പ്രതിഷേധസ്ഥലത്തേക്ക് മൂന്ന് തവണ എത്തിയിട്ടും പോലീസ് തടഞ്ഞില്ലെന്നാണ് ആരോപണം. തന്റെ സുഹൃത്തിന്റെ തലയ്ക്ക് അടിയേറ്റെങ്കിലും ഇയാൾ രക്ഷപ്പെട്ടുവെന്നും യുവാവ് പറഞ്ഞു. മാധ്യമവിദ്യാർഥികളായതിനാൽ സംഭവങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു തങ്ങളെന്നും അതിന്റെ പേരിൽ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സിവിക് സെന്ററിന് സമീപം സുഹൃത്ത് ഉണ്ടായിരുന്ന സമയത്താണ് ചിലരെ ആക്രമിച്ചത്. ഭയന്നതിനെത്തുടർന്ന് തങ്ങൾ അവിടെനിന്ന് മാറിയെന്നും യുവാവ് പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതികരണം തേടി ഹിന്ദുസ്ഥാൻ ടൈംസ് ബജ്റംഗ്ദൾ പ്രതിനിധികളെയും ഡൽഹി പോലീസ് വക്താക്കളെയും ന്യൂഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണറെയും ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
DEEPLY DISTURBING!
BJP-RSS goons beating a young girl in the presence of Delhi Police, with an officer seemingly guiding them to stop the recording.
Why is Delhi Police helping goons attack peaceful protestors instead of protecting them? Who gave them this free hand? https://t.co/2JeT40wrx2
— Cockroach Janta Party – CJP (@Cockroachisback) October 10, 2026




