ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ കെ.കെ. ജയചന്ദ്രനെ തോൽപിക്കാൻ സിപിഎം നേതാക്കൾ ശ്രമിച്ചെന്ന കോൺഗ്രസ് നേതാവ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ ആരോപണത്തിൽ പ്രതികരിച്ച് മുതിർന്ന നേതാവ് എം.എം. മണി. കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്താൻ സമീപിച്ചത് ആരാണെന്ന് ഇബ്രാഹിംകുട്ടി തുറന്നുപറയണമെന്ന് അദ്ദേഹം പറഞ്ഞു. പുകമറ സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും ദുഷ്പ്രചരണം ആണുങ്ങൾക്ക് ചേർന്ന പണിയല്ലെന്നും എം.എം. മണി പറഞ്ഞു. ‘തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർഥിയെ ഉടുമ്പൻചോലയിൽ തോൽപിക്കാൻവേണ്ടി ആരോ സമീപിച്ചുവെന്ന് പറഞ്ഞു.
അദ്ദേഹം വെറുതേ പുകമറ സൃഷ്ടിക്കുകയല്ല, ആരാണ് എന്ന് വ്യക്തമായി പറയണം. അതാണ് ആണത്തം. അല്ലാതെ വെറുതെ പുകമറ സൃഷ്ടിച്ച് ദുഷ്പ്രചരണം നടത്തുന്നതൊന്നും ആണുങ്ങൾക്ക് പറ്റിയ പണിയല്ല. ആരാണ്, ആരെ തോൽപിക്കാനാണ്, എന്താണ് പറഞ്ഞത് എന്ന് അദ്ദേഹം വ്യക്തമായി പറയണം. അത് പറയാതെ എന്തെങ്കിലും പറഞ്ഞ് പുകമറ സൃഷ്ടിക്കരുത്. തനിക്ക് അതിനോട് യോജിപ്പില്ല. പറയാനുള്ളത് തുറന്നുപറയേണ്ടേ?’ മണി പറഞ്ഞു. കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്തിയത് സി.പി.എം. നേതാക്കൾ തന്നെയാണെന്നും ഇതിനായി പാർട്ടി നേതാക്കൾ തങ്ങളെ സമീപിച്ചെന്നുമായിരുന്നു കഴിഞ്ഞദിവസം ഇബ്രാഹിംകുട്ടി പറഞ്ഞത്.
അതിന്റെ ശബ്ദരേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നെടുങ്കണ്ടത്ത് കോൺഗ്രസിന്റെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇബ്രാഹിംകുട്ടി.’കെ.കെ. ജയചന്ദ്രനെ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ പരാജയപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും സി.പി.എമ്മിന്റെ തന്നെ ഉത്തരവാദിത്തപ്പെട്ട നേതാക്കന്മാർ സമീപിച്ചതിന്റെ ശബ്ദരേഖയടക്കം കൈയിലുണ്ട്. ഇവന്റെയാണോ യോഗ്യതയുള്ള പാർട്ടി. ഇവന്മാരാണോ രാഷ്ട്രീയമായി ഞങ്ങളെ അടിച്ചമർത്താൻ വരുന്നത്, കെ.എസ്.യുക്കാരെ തല്ലിച്ചതയ്ക്കാൻ വരുന്നത്? കൂടുതലൊന്നും പറയിപ്പിക്കരുത്’,എന്നായിരുന്നു ഇബ്രാഹിംകുട്ടി കല്ലാറിന്റെ വാക്കുകൾ.




