ചെന്നൈ: വോട്ടർപട്ടിക ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ‘ജന്തർ മന്തർ 2.0’ സമരത്തെ അടിച്ചമർത്തുന്ന ഡൽഹി പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) പ്രസിഡന്റുമായ എം.കെ. സ്റ്റാലിൻ. മുൻകാല സ്വേച്ഛാധിപത്യ ഭരണകാലത്തെ ഓർമ്മിപ്പിക്കുന്നതാണ് ഇന്നത്തെ സംഭവങ്ങളെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.
“ഇന്ന് ഡൽഹിയിൽ അരങ്ങേറുന്ന കാഴ്ചകളും സമാധാനപരമായ പ്രതിഷേധക്കാർക്കെതിരായ അടിച്ചമർത്തുന്ന ക്രൂര നടപടികളും ഞാൻ അനുഭവിച്ച അടിയന്തരാവസ്ഥയുടെ വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു. ഡൽഹിയിലും രാജ്യത്തുടനീളവും കരുതൽ തടങ്കലിലാക്കിയ എല്ലാ രാഷ്ട്രീയ നേതാക്കളെയും വിദ്യാർത്ഥികളെയും യുവപ്രതിഷേധക്കാരെയും ഉടൻ മോചിപ്പിക്കണം. ബി.ജെ.പിയുടെ ദൗത്യ സംഘത്തെപ്പോലെ പ്രവർത്തിക്കുകയും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ പോലീസിനെ അഴിച്ചുവിടുകയും ചെയ്യുന്ന തമിഴ്‌നാട്ടിലെ ടിവികെ സർക്കാരിനെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രതിഷേധിക്കാനുള്ള തങ്ങളുടെ ജനാധിപത്യപരമായ അവകാശം സമാധാനപരമായി വിനിയോഗിക്കുന്ന യുവാക്കൾക്കെതിരായ ആക്രമണം കേന്ദ്ര സർക്കാർ ഉടൻ അവസാനിപ്പിക്കണം.
വിയോജിപ്പ് കുറ്റമല്ല, അതിനെ പ്രതിരോധിക്കാൻ എഴുന്നേറ്റുനിൽക്കുന്നവരെ നിശബ്ദമാക്കിക്കൊണ്ട് ജനാധിപത്യത്തിന് നിലനിൽക്കാനാകില്ല. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ചർച്ചയ്ക്ക് അതീതമാണ്. അദ്ദേഹത്തിന്റെ രാജിക്ക് അപ്പുറം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാ സംവിധാനത്തിന് വരുത്തിയ എല്ലാ നാശനഷ്ടങ്ങളും പരിഹരിച്ച് അതിന്റെ സ്വാതന്ത്ര്യവും സമഗ്രതയും പുനഃസ്ഥാപിക്കണം”- സ്റ്റാലിൻ എക്സിൽ കുറിച്ചു.




