മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ താപി നദിയുടെ അടിത്തട്ടിൽ കാലുകൾ ഇരുമ്പു ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷം പൂട്ടിട്ട നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് അധികൃതർ അറിയിച്ചു. ജൽഗാവ് ജില്ലയിലെ അമൽനേർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സ്വപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും പ്രണയവിവാഹം കഴിച്ചത്. ധുലെ ജില്ലയിലെ സാവൽദെ മേഖലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നദിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പോലീസ് അറിയിച്ചു. ഇരുവരുടെയും കാലുകൾ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിക്കുകയും അതിൽ പൂട്ടിടുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഇത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.





