ഡെറാഡൂൺ: വീട്ടിൽ അതിക്രമിച്ചുകയറി ഐഫോൺ ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചയാൾ ഫോൺ അൺലോക്ക് ചെയ്യാനാകാതെ വന്നതോടെ ഉടമയുടെ കുടുംബത്തെ തന്നെ ബന്ധപ്പെട്ട് പാസ്‌വേഡ് ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസിന്റെ നടപടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരിയായ കൗശികി ധ്യാനി രംഗത്തെത്തി. ഡെറാഡൂണിലെ സൺഷൈൻ എൻക്ലേവ് സ്വദേശിനിയാണ് കൗശികി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇവർ പൊലീസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
സെപ്റ്റംബർ 12-നാണ് കൗശികിയുടെയും സഹോദരന്റെയും ഫോണുകൾ ഉൾപ്പെടെ ക്ലെമന്റ് ടൗൺ മേഖലയിലെ വീട്ടിൽനിന്ന് മോഷണം പോയത്. ലാപ്ടോപ്പുകൾ, മാക്ബുക്കുകൾ, മൊബൈൽ ഫോണുകൾ തുടങ്ങി ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടപ്പെട്ടതെന്ന് യുവതി പറയുന്നു. എന്നാൽ പരാതി നൽകാനെത്തിയപ്പോൾ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും ചില സന്ദർഭങ്ങളിൽ പരാതി സ്വീകരിക്കാൻ പോലും തയ്യാറായില്ലെന്നും കൗശികി ആരോപിച്ചു.
മോഷണം പോയ ഐഫോണിൽ ലഭ്യമായിരുന്ന കോൺടാക്റ്റ് നമ്പർ വഴിയാണ് ഫോണുമായി ബന്ധപ്പെട്ടയാൾ ഉടമയുടെ കുടുംബത്തെ സമീപിച്ചത്. വാട്സാപ്പിലൂടെയും എസ്.എം.എസ്. വഴിയും സന്ദേശങ്ങളയച്ച് പാസ്‌വേഡ് ആവശ്യപ്പെടുകയായിരുന്നു. ഫോൺ അൺലോക്ക് ചെയ്യാൻ കഴിയാതായതോടെയാണ് മോഷ്ടാവ് തന്നെ നേരിട്ട് ബന്ധപ്പെട്ടതെന്നാണ് യുവതിയുടെ ആരോപണം.
രാത്രി പത്തുമണിയോടെ സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും പിറ്റേന്ന് രാവിലെ വരാൻ ആവശ്യപ്പെട്ട് തിരിച്ചയച്ചെന്നാണ് കൗശികി പറയുന്നത്. മോഷ്ടാവിനെ കണ്ടെത്താൻ സഹായകമായേക്കാവുന്ന വിവരങ്ങൾ ലഭിച്ചിട്ടും അടിയന്തര നടപടി സ്വീകരിച്ചില്ലെന്നാണ് യുവതിയുടെ പരാതി.
സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ, സി.സി.ടി.വി. ദൃശ്യങ്ങൾ, സംശയിക്കുന്നയാളുടെ ഫോട്ടോ എന്നിവ ഉൾപ്പെടുത്തി കൗശികി ഇൻസ്റ്റാഗ്രാമിൽ റീൽ പങ്കുവച്ചിട്ടുണ്ട്. ഡി.ഐ.ടി. സർവകലാശാലയ്ക്കും ഗ്രാഫിക് എറ സർവകലാശാലയ്ക്കും സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളിലും ഇതേ വ്യക്തിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. പ്രദേശത്ത് നടന്ന മോഷണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും കൗശികി ആവശ്യപ്പെട്ടു.
മോഷണസംഭവങ്ങളിൽ പൊലീസിന്റെ പ്രതികരണവും നടപടിയും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തിയ യുവതി, ഉത്തരാഖണ്ഡ് പൊലീസിനെ മോഷ്ടാക്കൾക്ക് ഭയമില്ലാത്ത സാഹചര്യമാണുള്ളതെന്നും ആരോപിച്ചു.






