കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ലോട്ടറി വിൽപനക്കാരനു പരുക്ക്. മലാപ്പറമ്പ് ദേശോദ്ധാരിണി വായനശാലയ്ക്കു സമീപമുള്ള റോഡിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. മലാപ്പറമ്പ് സ്വദേശി കുളങ്ങരക്കണ്ടി താഴത്ത് അനിൽകുമാർ(60) എന്നയാളെയാണ് എതിർദിശയിൽനിന്ന് പാഞ്ഞു വന്ന കാട്ടുപന്നി ഇടിച്ചു പരുക്കേൽപ്പിച്ചത്.
ഓടിയെത്തിയ കാട്ടുപന്നിയിൽ നിന്ന് ആദ്യം അനിൽകുമാർ ഒഴിഞ്ഞു മാറിയെങ്കിലും മുന്നോട്ടു പോയ കാട്ടുപന്നി തിരികെ ഓടിയെത്തി അനിൽകുമാറിനെ കുത്തി വീഴ്ത്തുകയായിരുന്നു. അനിൽകുമാറിന്റെ വലതു കൈയ്ക്കും ഇടതു കാലിനും പരുക്കുപറ്റി. ഇതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
അതേസമയം ഈ സംഭവത്തിന് തൊട്ടുമുൻപ് സമീപത്തെ ഒരു പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ നാട്ടുകാർ കണ്ടിരുന്നു. ഇതിൽനിന്ന് കൂട്ടം തെറ്റിയ കാട്ടുപന്നിയാണ് അനിൽകുമാറിനെ ആക്രമിച്ചതെന്നാണ് വിവരം. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ യാത്ര ചെയ്യുന്ന റോഡിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കാട്ടുപന്നി ശല്യം ഒഴിവാക്കണമെന്നു കാട്ടി നാട്ടുകാർ കൗൺസിലറുടെ നേതൃത്വത്തിൽ വനംവകുപ്പിന് പരാതി നൽകി. കോർപറേഷൻ മേയർക്കും സംഭവത്തിൽ പരാതി നൽകിയതായി നാട്ടുകാർ പറഞ്ഞു.




