പാലക്കാട്: ഇ എന്‍ സുരേഷ് ബാബുവിനെതിരെ പരാതിയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ. പെണ്‍കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍, തങ്ങളെല്ലാവരും പെണ്‍കുട്ടികള്‍ക്കൊപ്പമേ നിന്നിട്ടുള്ളൂ. പരാതിയുണ്ടോയെന്ന് അറിയാതെ അത് പൊലീസിന് കൈമാറുമോ ഇല്ലയോ എന്ന് പറയാന്‍ കഴിയില്ല.
തന്റെ അറിവില്‍ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു കെ കെ ശൈലജ ആവര്‍ത്തിച്ചു പറഞ്ഞത്.’ ‘ചര്‍ച്ച നടന്നതിന്റെ ഭാഗമായാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും സുരേഷ് ബാബുവിനെ മാറ്റിയത്. അതില്‍ കൂടുതല്‍ വിവരങ്ങള്‍ സെക്രട്ടേറിയറ്റ് ചേരുമ്പോഴെ അറിയുള്ളൂ. ചുമതലയില്‍ നിന്നും മാറാന്‍ വ്യക്തിപരമായി തീരുമാനിച്ചാല്‍പ്പോലും പാര്‍ട്ടി തീരുമാനമാണ് അന്തിമം’, കെ കെ ശൈലജ പറഞ്ഞു. ‘സുരേഷ് ബാബുവിനെതിരെ അത്തരമൊരു പരാതിയില്ലെന്നാണ് അറിഞ്ഞത്. രാഹുല്‍ മാങ്കുട്ടമെന്നോ മറ്റൊരാളെന്നോ ഇല്ല. ആരെയെങ്കിലും കരുതിക്കൂട്ടി പ്രതിയാക്കണമെന്ന് ഞങ്ങള്‍ കരുതുന്നില്ല.
കൃത്യമായി തെളിവുകള്‍ സഹിതം പരാതി ലഭിച്ചാല്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കും. എന്റെ ശ്രദ്ധയില്‍ അത്തരമൊരു പരാതി സുരേഷ് ബാബുവിനെതിരെ ലഭിച്ചിട്ടില്ല. പൊലീസിന് കൊടുക്കേണ്ടതായ പരാതിയൊന്നും സിപിഐഎം കൈവശം വെക്കാറില്ല. ഉണ്ടെങ്കിലേ കൊടുക്കാന്‍ കഴിയൂ. പരാതി പൂഴ്ത്തിവെയ്ക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം. ഗുരുതരമായ പരാതിയെങ്കില്‍ പൊലീസിന് ഏല്‍പ്പിക്കും’, കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.





