കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പി വി അൻവർ നൽകിയ ഹർജി ഹൈക്കോടതി വീണ്ടും തള്ളി. രണ്ടാം തവണയാണ് അൻവറിന്റെ ആവശ്യം ഹൈക്കോടതി തള്ളുന്നത്. ഇരുപത്തിരണ്ടരക്കോടിയുടെ ക്രമക്കേടിലാണ് അൻവറിനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലൻസ് കേസെടുത്തത്.
വായ്പ ക്രമക്കേടിൽ അൻവറും കൂട്ടാളികളും 22.30 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലൻസ് പ്രാഥമിക കണ്ടെത്തൽ. എന്നാൽ വിജിലൻസ് കേസിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും എഫ്ഐആർ റദ്ദാക്കുന്നത് സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നും പരാതിക്കാരനായ മുരുഗേഷ് നരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. അൻവറിനെതിരായ തെളിവുകളും ഹാജരാക്കി. ഇതോടെ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് അൻവറിൻറെ അഭിഭാഷകൻ അറിയിക്കുകയും ഹൈക്കോടതി ഹർജി തള്ളുകയുമായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലും സമാന ആവശ്യവുമായി അൻവർ എത്തിയെങ്കിലും കേസ് ഹൈക്കോടതി തള്ളിയിരുന്നു.
അതേസമയം കെഎഫ്സി തട്ടിപ്പിൽ കഴിഞ്ഞ വർഷം ജൂലൈ 29തിനാണ് അൻവർ അടക്കമുള്ളവർക്കെതിരെ തിരുവനന്തപുരത്തെ വിജിലൻസ് കേസെടുത്തത്. കേരള ഫിനാൻസ് കോർപ്പറേഷൻ മലപ്പുറം ബ്രാഞ്ച് ചീഫ് മാനേജർ അബ്ദുൽമനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, ജൂനിയർ ടെക്നിക്കൽ ഓഫീസർ മുനീർ അഹമ്മദ് പി, പി വി അൻവർ, പി വി അൻവറിന്റെ ഡ്രൈവറും മാലംകുളം കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറുമായ സിയാദ് എന്നിവരെ ഒന്ന് മുതൽ 5 വരെ പ്രതികളായാണ് കേസെടുത്തത്.





