പത്തനംതിട്ട: രണ്ട് ഐ.എ.എസ്. ഉദ്യോഗസ്ഥർ തമ്മിൽ തർക്കമില്ലെന്നും ചലഞ്ച് മാത്രമാണെന്നും മന്ത്രി കെ.എം. ഷാജി. മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് രണ്ട് ഉത്തരവുകൾ ഇറങ്ങിയതിൽ അസ്വാഭാവികതയില്ലെന്നും ഇനിയും ഉത്തരവുകൾ ഇറങ്ങാനുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലുള്ള തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മാലിന്യനിർമാർജനത്തിന്റെ കാര്യത്തിൽ എല്ലാവരും തമ്മിൽ ചലഞ്ച് ഉണ്ടാകുന്നത് നല്ലതാണ്. നാട്ടുകാരും ഈ ചലഞ്ച് ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായി തദ്ദേശ വകുപ്പിൽ രണ്ട് മാലിന്യനിർമാർജന പദ്ധതികൾ പ്രഖ്യാപിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നത സംബന്ധിച്ച ചർച്ചകൾ ശക്തമായത്. ടി.വി. അനുപമയുടെ നേതൃത്വത്തിൽ ‘നിർമലം’ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഐ.സി. 100 ചലഞ്ച്’ എന്ന പേരിൽ മറ്റൊരു പദ്ധതിയും ആരംഭിച്ചു.
നിർമലം പദ്ധതിയിൽ തനിക്ക് മതിയായ പ്രാധാന്യം ലഭിച്ചില്ലെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ മന്ത്രിയെ അറിയിച്ചതിന് പിന്നാലെയാണ് ഐ.സി. 100 ചലഞ്ച് പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്. പ്രിൻസിപ്പൽ ഡയറക്ടർക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് രണ്ടാമത്തെ പദ്ധതി കൊണ്ടുവന്നതെന്നും സൂചനയുണ്ട്. അതേസമയം, ഐ.സി. 100 പദ്ധതിയിൽ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയ്ക്ക് കാര്യമായ ചുമതലയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
വിവാദം ശക്തമായതോടെ രണ്ട് പദ്ധതികളും വ്യത്യസ്തമായ പരിപാടികളാണെന്നാണ് തദ്ദേശ വകുപ്പ് വിശദീകരിച്ചത്. ഒക്ടോബർ രണ്ടിന് പറവൂരിൽ മുഖ്യമന്ത്രി ‘നിർമലം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ക്യാമ്പയിനായാണ് പദ്ധതിയെ അവതരിപ്പിച്ചത്. ദീർഘകാലാടിസ്ഥാനത്തിൽ വിപുലമായ മാലിന്യനിർമാർജന പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിർമലം–പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഉത്തരവ് തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയാണ് പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം 30ന് ഇറക്കിയ ഉത്തരവിൽ തദ്ദേശ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ ചുമതലകളും വിശദമായി വ്യക്തമാക്കിയിരുന്നു.
എന്നാൽ സംസ്ഥാന ഏകോപന സമിതിയിൽ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അംഗം മാത്രമായതിൽ ദിവ്യ എസ്. അയ്യർക്ക് അതൃപ്തിയുണ്ടായിരുന്നെന്നാണ് വിവരം. ഇക്കാര്യം മന്ത്രി അറിയിച്ചതിന് പിന്നാലെയാണ് ഐ.സി. 100 ചലഞ്ച് എന്ന പേരിൽ പ്രിൻസിപ്പൽ ഡയറക്ടർ പ്രത്യേക ഉത്തരവ് ഇറക്കിയത്. ഒക്ടോബർ രണ്ടിനാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്.





