കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിൽ അതിജീവിത നേരിട്ടത് അതിക്രൂര പീഡനമെന്ന് മൊഴി. ‘അമ്മു’ എന്ന പേരിൽ അറിയപ്പെടുന്ന ശരണ്യയാണ് കൂട്ടത്തിൽ ഏറ്റവും ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് യുവതി പൊലീസിന് മൊഴി നൽകി. കേസിൽ അറസ്റ്റിലായ ശ്രീരാജ്, ജിത്തു മാർട്ടിൻ, ശരണ്യ, സഞ്ജു എന്നിവരെ അതിജീവിത തിരിച്ചറിഞ്ഞു. നാലുപേരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
അതിജീവിതയുടെ ഭർത്താവ് നേരത്തെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ് പൊലീസ്. ഏകദേശം ആറുമാസം മുമ്പാണ് ശരണ്യയും സഞ്ജുവും കളമശ്ശേരിയിലെ സ്പായിലെത്തിയത്. ഇരുവരും തമ്മിലുള്ള ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
രാസലഹരി കലർത്തിനൽകിയാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ലഹരിമരുന്ന് ലഭിച്ച വഴിയും പ്രതികളുടെ സെക്‌സ് റാക്കറ്റുമായുള്ള ബന്ധവും ഗുണ്ടാ-ലഹരി ബന്ധങ്ങളും ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തിനുശേഷം വലിയ ശാരീരിക-മാനസിക ആഘാതം നേരിടുന്ന യുവതി നിലവിൽ ചികിത്സയിലാണ്. ഒരു സ്ത്രീ കൂടെയുണ്ടെന്ന വിശ്വാസത്തിലാണ് യുവതി സ്പായിലെത്തിയത്. എന്നാൽ ശരണ്യയാണ് തന്നെ ഏറ്റവും ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി മൊഴിയിൽ വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി വയനാട് പുൽപ്പള്ളി താഴെയങ്ങാടിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് സഞ്ജുവിനെയും ശരണ്യയെയും പൊലീസ് പിടികൂടിയത്. പുൽപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ സബ് ഇൻസ്പെക്ടർ എം.സി. പവനന്റെ നേതൃത്വത്തിലായിരുന്നു നടപടി.
കേസിലെ ഒന്നാം പ്രതി, കുനംതൈയിൽ സ്പാ നടത്തുന്ന ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ് (30), മൂന്നാം പ്രതി കളമശ്ശേരി തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാൻഡ് ചെയ്ത ഇരുവരെയും കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
അതേസമയം, സഞ്ജു യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും യുവതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവയ്ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം.
സ്പായിൽ ജോലി നൽകാമെന്ന് പറഞ്ഞ് അഭിമുഖത്തിനായി വിളിച്ചുവരുത്തി ലോഡ്ജിലെത്തിച്ചശേഷം ബലമായി മദ്യവും ലഹരിമരുന്നും നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഐസ്ക്രീമിൽ ലഹരിമരുന്ന് കലർത്തി നൽകിയശേഷമാണ് പീഡിപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സ്പായുടെ മറവിൽ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുനൽകുന്ന അനധികൃത റാക്കറ്റാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ പ്രവർത്തിച്ചിരുന്ന സ്പായ്ക്ക് ലൈസൻസില്ലെന്നും വ്യക്തമായിട്ടുണ്ട്. ലഹരിമരുന്നിന്റെ ഉറവിടം, പ്രതികളുടെ ഗുണ്ടാ-ലഹരി ബന്ധങ്ങൾ എന്നിവ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.





